CALICUTDISTRICT NEWS

കോവിഡ് 19 ജാഗ്രതാ പോർട്ടൽ വിജയഗാഥയുമായി മുന്നോട്ട്

കോവിഡ് 19 മഹാമാരിക്കെതിരായ പോരാട്ടത്തിൽ വിജയഗാഥയുമായി ജില്ലയിൽ ആരംഭിച്ച കോവിഡ് 19 ജാഗ്രതാ പോർട്ടൽ വിജയഗാഥയുമായി മുന്നോട്ട്. പോര്‍ട്ടല്‍ സന്ദര്‍ശിച്ചത് മൂന്നുകോടി ആളുകളാണ്‌.
ഓക്‌സിജൻ വിതരണം സംബന്ധിച്ച ഹോസ്പിറ്റൽ മാനേജ്‌മെന്റ് ഓക്‌സിജൻ മൊഡ്യുൾ സംവിധാനമാണ് രാജ്യശ്രദ്ധ പിടിച്ചു പറ്റിയത്.    കോവിഡ് രോഗവ്യാപനത്തിന്റെ പ്രാരംഭഘട്ടത്തിൽ വിദേശത്തു നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നും വരുന്നവർക്ക് സഹായം നൽകുന്നതിനും നടപടിക്രമങ്ങൾ വേഗത്തിലാക്കുന്നതും ലക്ഷ്യമിട്ടാണ് ജില്ലാ കലക്ടർ സാംബശിവ റാവുവിന്റെ മേൽ നേട്ടത്തിൽ കോവിഡ് ജാഗ്രത പോർട്ടലിന് രൂപം നൽകിയത്.

ഗുജറാത്ത്, മഹാരാഷ്ട്ര, മധ്യപ്രദേശ്, മണിപ്പൂർ പോണ്ടിച്ചേരി തുടങ്ങിയ സംസ്ഥാനങ്ങൾ ജാഗ്രതാ ഹോസ്പിറ്റൽ മാനേജ്‌മെന്റ് ഓക്‌സിജൻ മൊഡ്യുൾ സംവിധാനം ഉപയോഗിക്കുന്നതിനായി എൻഐസി കോഴിക്കോടുമായി ബന്ധപ്പെട്ട്‌ ഈ മാതൃകയിൽ സംവിധാനം നടപ്പാക്കി. ജില്ലാ കലക്ടർ എസ് സാംബശിവറാവുവിന്റെ നേതൃത്വത്തിൽ നാഷണൽ ഇൻഫർമാറ്റിക്സ് സെന്ററും സംസ്ഥാന ഐ.ടി മിഷനും സംയുക്തമായാണ് 2020 മാർച്ച് 19ന് പോർട്ടൽ ആരംഭിച്ചത്.

സംസ്ഥാനത്തെ ആശുപത്രികൾക്ക് ആവശ്യമായ ഓക്‌സിജൻ ലഭ്യമാക്കുന്നതിനുവേണ്ട കാര്യങ്ങളാണ് പ്രധാനമായും സംവിധാനത്തിലൂടെ സാധ്യമാക്കുന്നത്. സംസ്ഥാനത്തെ ആരോഗ്യകേന്ദ്രങ്ങളിലെ ഓക്‌സിജൻ ലഭ്യത, സംഭരണം, ഉപയോഗം, 24 മണിക്കൂർ നേരത്തേക്കുവേണ്ട ഓക്‌സിജന്റെ ലഭ്യത എന്നീ വിവരങ്ങൾ പോർട്ടലിൽ ലഭ്യമാണ്.  ഓക്‌സിജൻ ലഭ്യതക്കായി ആശുപത്രികൾക്കും മറ്റ് ആരോഗ്യകേന്ദ്രങ്ങൾക്കും നേരിട്ട് പോർട്ടൽ വഴി അപേക്ഷ നൽകാം. ഇതിനായി പ്രത്യേക ലോഗിൻ പാസ്വേർഡുകൾ നൽകിയിട്ടുണ്ട്.  അപേക്ഷകളിൽ ജില്ലാ- സംസ്ഥാന തല കോവിഡ് വാർ റൂമുകളിൽ നിന്നും നടപടി സ്വീകരിക്കും. അടിയന്തര ആവശ്യങ്ങളിൽ ഓക്‌സിജനുവേണ്ടി ക്രിട്ടിക്കൽ റിക്വസ്റ്റ് എന്ന സംവിധാനം ഉപയോഗിച്ച് ആശുപത്രികൾക്ക് അപേക്ഷ നൽകാം. ഇത് സംസ്ഥാന വാർറൂമിൽ നിന്നും പരിശോധിച്ച് നടപടി എടുക്കും.

ടെലി മെഡിസിൻ കൺസൾട്ടേഷൻ, ഓൺലൈൻ ഒ.പി. സംവിധാനം, ഡോക്ടർമാർക്ക് രോഗികളെ  പരിശോധിക്കാനും വിദഗ്ധചികിത്സ നിർദ്ദേശിക്കാനുമുള്ള സൗകര്യം, ഓൺലൈൻ കൺസൾട്ടേഷന് ശേഷം മരുന്ന് കുറിപ്പടി ഉടൻ തന്നെ ഡൗൺലോഡ് ചെയ്യാനുള്ള സൗകര്യം തുടങ്ങിയവയും ലഭ്യമാണ്. കോവിഡ് ടെസ്റ്റുകളുടെ എണ്ണവും ഫലവും രേഖപ്പെടുത്താനുള്ള സംവിധാനം, രോഗം ബാധിച്ച വ്യക്തിയുമായി സമ്പർക്കം പുലർത്തിയ വ്യക്തികളെ തിരിച്ചറിയുന്നതിനും ഈ സമ്പർക്കങ്ങളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിനുമുള്ള മാർഗം, സംസ്ഥാന തല, ജില്ലാ തല ഡാഷ്‌ബോർഡുകൾ, ഹോസ്പിറ്റൽ ഹെൽത്ത് കെയർ,  കോവിഡ് ഐസിയുകളെ ബന്ധിപ്പിക്കുന്ന ഐസിയു ഗ്രിഡ് സംവിധാനം തുടങ്ങിയവയും പോർട്ടലിൽ പ്രവർത്തന സജ്ജമാക്കിയിട്ടുണ്ട്.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button