KERALA

ചീഫ് സെക്രട്ടറി അഴിമതിക്കാരന്‍; സര്‍ക്കാറിനെതിരെ വിമര്‍ശനവുമായി രാജു നാരായണ സ്വാമി

തിരുവനന്തപുരം: തന്നെ പിരിച്ചുവിടാന്‍ തീരുമാനിച്ച സര്‍ക്കാറിനെതിരെ വിമര്‍ശനവുമായി രാജു നാരായണ സ്വാമി ഐ.എ.എസ്. താന്‍ അറിയാതെയാണ് തന്നെ പിരിച്ചുവിടാന്‍ സര്‍ക്കാര്‍ നീക്കം നടത്തിയതെന്നാണ് രാജു നാരായണ സ്വാമിയുടെ ആരോപണം.

 

അഡീഷണല്‍ ചീഫ് സെക്രട്ടറി പദവിയിലുള്ള രാജു നാരായണ സ്വാമിയെ പിരിച്ചുവിടാനുള്ള ശുപാര്‍ശ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര പേഴ്‌സണല്‍ മന്ത്രാലയത്തിനു നല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണ് രാജു നാരായണ സ്വാമിയുടെ പ്രതികരണം.

 

നാളികേര വികസന ബോര്‍ഡിലെ അഴിമതി തുറന്നുകാട്ടിയതാണ് തനിക്കെതിരെ നടപടിയെടുക്കാന്‍ കാരണം. അഴിമതിക്കെതിരെ താന്‍ നടത്തിയ പോരാട്ടത്തിനുള്ള സമ്മാനമാണിതെന്നും രാജു നാരായണ സ്വാമി പരിഹസിച്ചു.
ചീഫ് സെക്രട്ടറി അഴിമതിക്കാരനാണ്. മൂന്നാര്‍ വിഷയം മുതലാണ് സര്‍ക്കാര്‍ തന്നെ വേട്ടയാടാന്‍ തുടങ്ങിയതെന്നും അദ്ദേഹം ആരോപിച്ചു.
സര്‍വ്വീസ് കാലാവധി പത്തുവര്‍ഷം കൂടി ശേഷിക്കെയാണ് രാജു നാരായണ സ്വാമിയെ പിരിച്ചുവിടാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നത്. കേരളത്തിന്റെ ഈ ശുപാര്‍ശ കേന്ദ്രം അംഗീകരിച്ചാല്‍ സംസ്ഥാനത്ത് പിരിച്ചുവിടപ്പെടുന്ന ആദ്യ ഐ.എ.സെ് ഉദ്യോഗസ്ഥനാകും രാജു നാരായണ സ്വാമി.
കേന്ദ്ര- സംസ്ഥാന സര്‍വ്വീസുകളിലിരിക്കെ നിരുത്തരവാദപരമായും അച്ചടക്കമില്ലാതെയും പ്രവര്‍ത്തിച്ചു, സുപ്രധാന തസ്തികകള്‍ വഹിക്കുമ്പോഴും ഓഫീസുകളില്‍ പലപ്പോഴും ഹാജരായില്ല, കേന്ദ്ര സര്‍വ്വീസില്‍ തിരിച്ചെത്തിയത് സര്‍ക്കാറിനെ അറിയിച്ചില്ല, നാളികേര വികസന ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനത്തുനിന്നും കാലാവധി പൂര്‍ത്തിയാക്കിയതിനുശേഷം എവിടെയാണെന്നതിന് രേഖകളില്ല തുടങ്ങിയ കുറ്റം ആരോപിച്ചാണ് രാജു നാരായണ സ്വാമിയെ പുറത്താക്കാനൊരുങ്ങുന്നത്.
Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button