KERALAMAIN HEADLINES

കണ്ണൂർ – മാക്കൂട്ടം – മൈസൂർ റോഡ് ദേശീയ പാതയാവുന്നു

കണ്ണൂര്‍ വിമാനത്താവളത്തിന് തുടർച്ചയായി ചൊവ്വ മുതല്‍ മട്ടന്നൂര്‍ മുതൽ മൈസൂരിൽ എത്താവുന്ന റോഡ് എൻ. എച്ച് ആയി ഉയർത്തും.  കൂട്ടും പുഴ – വളവുപാറ – മാക്കൂട്ടം അതിർത്തിയിൽ നിന്നും വിരാജ്‌പേട്ട- മടിക്കേരി പാതയിലൂടെ മൈസൂര്‍ വരെയുള്ള റോഡിന്റെ കേരളത്തിലുള്ള ഭാഗമാണ് നാഷണല്‍ ഹൈവേയായി പ്രഖ്യാപിക്കുക. അതിനാവശ്യമായ നടപടികള്‍ ഉടനടി കൈക്കൊള്ളുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് കേന്ദ്ര റോഡ് ഗതാഗത ഹൈവേ മന്ത്രി നിതിന്‍ ഗഡ്‌കരി ഉറപ്പു നല്‍കി.

കേരളത്തിലൂടെയുള്ള 11 റോഡുകള്‍ ഭാരത് മാലാ പ്രോജക്ടില്‍ പുതിയതായി ഉള്‍പ്പെടുത്താനും ചർച്ചയിൽ തീരുമാനമായി. പുതിയ നാഷണല്‍ ഹൈവേയായ കല്‍പ്പറ്റയ്ക്കടുത്തുള്ള ജംഗഷന്‍ (എന്‍. എച്ച് 766 ) മുതല്‍ മാനന്തവാടി വരെ 50 കി.മീ, ഹോസ്ദുര്‍ഗ് – പനത്തൂര്‍ – ഭാഗമണ്ഡലം – മടിക്കേരി (കേരളത്തിലൂടെ പോകുന്ന റോഡ്) 57 കി.മീ, ആലപ്പുഴ (എന്‍.എച്ച് 47) മുതല്‍ ചങ്ങനാശ്ശേരി – വാഴൂര്‍ – പതിനാലാം മൈല്‍ (എന്‍.എച്ച് 220) വരെ 50 കി.മീ, കായംകുളം (എന്‍.എച്ച് 47) മുതല്‍ തിരുവല്ല ജംഗ്ഷന്‍ (എന്‍.എച്ച് 183) 23 കി.മീ, വിജയപുരത്തിനടുത്തുള്ള ജംഗ്ഷന്‍ (എന്‍. എച്ച് 183) മുതല്‍ ഊന്നുക്കലിനടുത്തുള്ള ജംഗ്ഷന്‍ വരെ (എന്‍. എച്ച് 85 ) 45 കി.മീ,  ടൈറ്റാനിയം, ചവറ വരെ (എന്‍.എച്ച് 66 ) 17 കി.മീ, എന്‍. എച്ച് 183 A യെ പമ്പയുമായി ബന്ധിപ്പിക്കുന്ന പുതിയ എന്‍.എച്ച് ളാഹക്കടുത്തുള്ള ഇലവുങ്കലില്‍ 21.6 കി.മീ, തിരുവനന്തപുരം – തെന്‍മലയെ ബന്ധിപ്പിക്കുന്ന 72. കിമീ,ചേര്‍ക്കല – കല്ലിടുക്ക (കേരളത്തിലൂടെ പോകുന്ന റോഡ്) 28 കി.മീ, വടക്കാഞ്ചേരി – പൊള്ളാച്ചി ബന്ധിപ്പിക്കുന്ന റോഡ് , തിരുവനന്തപുരം ഇന്റര്‍നാഷണല്‍ സീ പോര്‍ട്ടിനെ ബന്ധിപ്പിക്കുന്ന വിഴിഞ്ഞം – കരമന – കളിയിക്കാവിള റോഡ് എന്നിവയാണ് ഭാരത് മാലാ പദ്ധതി രണ്ടാം ഘട്ടത്തില്‍ പെടുത്തി അപ്‌ഗ്രേഡ് ചെയ്യുന്നത്.

തിരുവനന്തപുരം പാരിപ്പള്ളി മുതല്‍ വിഴിഞ്ഞം വരെയുള്ള 80 കി.മീ. റിംഗ് റോഡ് നിര്‍മ്മിക്കുന്നതിനും തത്വത്തില്‍ അംഗീകാരമായി. വിഴിഞ്ഞം തുറമുഖത്തിന്റെ വികസനവുമായി ബന്ധപ്പെട്ടുള്ള സാമ്പത്തിക സാദ്ധ്യതകള്‍ കൂടി കണക്കിലെടുത്താവും പുതിയ പദ്ധതി വികസിപ്പിക്കുക. 4500 കോടി രൂപയാണ് പദ്ധതി തുക പ്രതീക്ഷിക്കുന്നത്. പുതിയ പദ്ധതി തിരുവനന്തപുരം നഗരത്തിന്റെ വളര്‍ച്ചയ്ക്ക് മുതല്‍ക്കൂട്ടായി മാറും. ഈ പദ്ധതി നാഷണല്‍ ഹൈവേ അതോറിറ്റി ഏറ്റെടുത്ത് ഫണ്ട് നല്‍കണമെന്നാണ് സംസ്ഥാനം ആവശ്യപ്പെട്ടത്. ഭൂമി ഏറ്റെടുക്കലിന്റെ 50% സംസ്ഥാന സര്‍ക്കാര്‍ വഹിക്കാമെന്നാണ് അറിയിച്ചിട്ടുള്ളത്.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button