കാഡിലയുടെ കോവിഡ് വാക്സിൻ അടുത്ത മാസം
ഇന്ത്യൻ മരുന്ന് കമ്പനിയായ സൈഡസ് കാഡില നിർമ്മിച്ച കൊറോണ വാക്സിൻ സൈകോവ്-ഡി സെപ്റ്റംബർ പകുതിയോടെ വിതരണം ചെയ്യാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് നിർമാണ കമ്പനി. അടുത്ത ഒന്നോ രണ്ടോ ആഴ്ചകളിൽ ഡോസിന്റെ വില അറിയിക്കുമെന്നും പിടിഐ റിപ്പോർട്ട് ചെയ്തു.
വെള്ളിയാഴ്ചയാണ് സൈഡസ് കാഡിലയുടെ മൂന്ന് ഡോസ് വാക്സിനായ സൈകോവ്-ഡി (ZyCoV-D) വാക്സിന് രാജ്യത്തെ അടിയന്തിര ഉപയോഗത്തിന് ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ (ഡിജിസിഐ) അംഗീകാരം നൽകിയത്. 12-18 വയസ്സിനിടയിലുള്ളവർക്ക് നൽകുന്ന ആദ്യ ഡോസ് വാക്സിനും ഇതായിരിക്കും. 61 ശതമാനം വരെയാണ് ഇതിൻ്റെ ഫലപ്രാപ്തി
“അടിയന്തിര ഉപയോഗത്തിന് അംഗീകാരം ലഭിച്ചതിനാൽ, ഞങ്ങളുടെ വാക്സിൻ ഡോസുകൾ വിതരണം ചെയ്യുന്നതിനുള്ള രീതിയും വിലയും നിർണ്ണയിക്കുന്നതിന് ഞങ്ങൾ റെഗുലേറ്ററി ഉദ്യോഗസ്ഥരുമായി ചേർന്ന് പ്രവർത്തിക്കും. അടുത്ത ഒന്നോ രണ്ടോ ആഴ്ചകൾക്കുള്ളിൽ വില സംബന്ധിച്ച് കൂടുതൽ വ്യക്തത ലഭിക്കും”
“സെപ്റ്റംബർ പകുതിയോടെയോ അവസാനത്തോടെയോ വാക്സിനുകൾ വിതരണം ചെയ്യാൻ തുടങ്ങാമെന്ന് കരുതുന്നു, ഒരു കോടി ഡോസുകൾ വരെ നിർമിക്കേണ്ടതുണ്ട് ഒക്ടോബറോടെ അതിനു കഴിയുമെന്നാണ് വിശ്വസിക്കുന്നത്. ഒക്ടോബറോടെ ഞങ്ങൾ ഒരു കോടി ഡോസുകൾ ഉത്പാദിപ്പിക്കും, അതായത് ജനുവരി അവസാനത്തോടെ നമുക്ക് നാല് മുതൽ അഞ്ച് കോടി വരെ ഡോസുകൾ ലഭിക്കും,” സൈഡസ് ഗ്രൂപ്പ് എംഡി ഷർവിൽ പട്ടേൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.