വിവരാവകാശ പ്രവർത്തകനെ ശല്യക്കാരനായി വിധിച്ച എടവണ്ണ പഞ്ചായത്തിന് തിരുത്ത്.
വിവരാവകാശ പ്രവർത്തകനെ പൊതുശല്യമായി പ്രഖ്യാപിച്ച എടവണ്ണ പഞ്ചായത്തിൻ്റെ നടപടി ജനാധിപത്യത്തിന് എതിര്. എടവണ്ണ പഞ്ചായത്തിന്റെ വിവാദ തീരുമാനം സ്റ്റേറ്റ് ഓംബുഡ്സ്മാൻ റദ്ദാക്കി. വിവരാവകാശ പ്രവർത്തനം പൊതുശല്യമായി കാണാൻ കഴിയില്ലെന്ന് ഓംബുഡ്സ്മാൻ. പൊതുശല്യമായി പ്രഖ്യാപിക്കാൻ പഞ്ചായത്തിന് അധികാരമില്ലെന്നും ഓംബുഡ്സ്മാൻ ചൂണ്ടിക്കാട്ടി.
2019ലാണ് റിയാസ് ഒബായി എന്ന വിവരാവകാശ പ്രവർത്തകനെ പൊതുശല്യമായി പ്രഖ്യാപിച്ച് കൊണ്ട് എടവണ്ണ പഞ്ചായത്ത് ഉത്തരവിറക്കിയത്. ഇനി റിയാസ് ചോദിക്കുന്ന ചോദ്യങ്ങൾക്ക് മറുപടിഇ പറയേണ്ടതില്ല. നിരന്തരം ചോദ്യങ്ങൾ ഉന്നയിച്ച് പഞ്ചായത്ത് ഭരണസമിതിയെ ബുദ്ധിമുട്ടിക്കുകയാണ്. ഉദ്യോഗസ്ഥരെ ജോലി ചെയ്യാൻ അനുവദിക്കുന്നില്ലെന്നും മറ്റും ചൂണ്ടിക്കാട്ടിയാണ് പഞ്ചായത്ത് റിയാസിനെ പൊതുശല്യമായി പ്രഖ്യാപിച്ചത്.
എന്നാൽ പഞ്ചായത്തിന്റെ ഉത്തരവിനെതിരെ റിയാസ് ഒബായി നിയമ നടപടികളുമായി മുന്നോട്ട് പോകുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് റിയാസിന്ന് അനുകൂലമായൊരു വിധി ഓംബുഡ്സ്മാന്റെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നത്. പൊതുശല്യമായി പ്രഖ്യാപിക്കാനുള്ള അധികാരം പഞ്ചായത്തിനില്ലെന്നും, വിവരാവകാശ നിയം പ്രകാരം ചോദിക്കുന്ന ചോദ്യങ്ങൾക്ക് മറുപടി പറയാൻ പഞ്ചായത്തിന് ജനാധിപത്യപരമായ ബാധ്യതയുണ്ട് എന്നും ചൂണ്ടിക്കാട്ടി.