ഭാരത പുഴയിൽ രണ്ട് എം.ബി.ബി.എസ് വിദ്യാർഥികളെ കാണാതായി
ഭാരതപ്പുഴയിലിറങ്ങിയ രണ്ട് എം.ബി.ബി.എസ്. വിദ്യാർഥികളെ ഒഴുക്കിൽപ്പെട്ട് കാണാതായി. ആലപ്പുഴ അമ്പലപ്പുഴ കരൂർ വടക്കേപുളിക്കൽ ഗൗതംകൃഷ്ണ (23), തൃശ്ശൂർ വടക്കാഞ്ചേരി ചേലക്കര പാറയിൽ മാത്യു എബ്രഹാം (23) എന്നിവരെയാണ് കാണാതായത്. ഇരുവരും വാണിയംകുളത്തെ സ്വകാര്യ മെഡിക്കൽ കോളേജിൽ അവസാനവർഷ എം.ബി.ബി.എസ്. വിദ്യാർഥികളാണ്. ഞായറാഴ്ച വൈകീട്ട് അഞ്ചരയോടെ മാന്നനൂർ തടയണയ്ക്കുസമീപമാണ് ദുരന്തം.
വിദ്യാർഥികളായ ആറുപേരാണ് പുഴയിലേക്കെത്തിയത്. ഇവരിൽ മാത്യു എബ്രഹാം പുഴയിൽ വീണപ്പോൾ ഉറ്റ കൂട്ടുകാരനായ ഗൗതംകൃഷ്ണ രക്ഷിക്കാൻ ശ്രമിച്ചു.
ഉടനെ രണ്ടുപേരെയും കാണാതായെന്ന് കൂടെയുണ്ടായിരുന്നവർ പോലീസിനോട് പറഞ്ഞു. ഷൊർണൂരിൽനിന്ന് അഗ്നിരക്ഷാസേനയെത്തി രാത്രി എട്ടുമണിവരെ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ശക്തമായ ഒഴുക്കും ഇരുട്ടും തടസ്സമായതോടെയാണ് തിരച്ചിൽ നിർത്തിയത്. രാവിലെ തിരച്ചിൽ തുടരും.