സാജിതയുടെയും റഹ്മാന്റെയും പ്രണയത്തിന് പത്തുവര്‍ഷത്തിനു ശേഷം നിയമപ്രാബല്യമായി
വീട്ടിലെ ഒറ്റമുറിയിൽ പത്തു വർഷക്കാലം ഒളിവിൽ കഴിഞ്ഞ റഹ്മാനും സജിതയും ഇന്ന് നിയമപരമായി വിവാഹിതരായി. രാവിലെ പത്ത് മണിക്ക് നെന്മാറയിലെ സബ് രജിസ്റ്റർ ഓഫീസിൽ വെച്ചു സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരമാണ് വിവാഹിതരായത്. നെന്മാറ എംഎൽഎ കെ. ബാബുവിന്റെ സാന്നിധ്യത്തിൽ ആയിരുന്നു വിവാഹം. സജിതയുടെ കുടുംബവും വിവാഹത്തിനെത്തി.
റഹ്മാൻ സജിതയെ വീട്ടിൽ ഒളുവിൽ പാർപ്പിച്ചത് വലിയ ചർച്ച ആയിരുന്നു. മനുഷ്യാവകാശ കമ്മിഷനും വനിതാ കമ്മിഷനും വിഷയത്തിൽ ഇടപെടുകയും പൊലീസ് നടപടി സ്വീകരിക്കുകയും ചെയ്തിരുന്നു. എന്നാൽ പ്രായപൂർത്തിയായ രണ്ടു പേരും സ്വന്തം ഇഷ്ടപ്രകാരം ഒരുമിച്ചു താമസിക്കുകയായിരുന്നു എന്ന് മൊഴി നൽകിയതിനാൽ നടപടികൾ അവസാനിപ്പിക്കുകയായിരുന്നു. എന്നാൽ പത്തു വർഷക്കാലം ഒരുമിച്ചു താമസിച്ചെങ്കിലും ഇരുവരും നിയമപരമായി വിവാഹിതരായിരുന്നില്ല.
പെയിന്റിങും ഇലക്‌ട്രിക്കൽ ജോലിയുമായി കഴിയുന്ന റഹ്‌മാനൊപ്പം ജീവിക്കാനായി 2010 ഫെബ്രുവരി രണ്ടിനാണു പതിനെട്ട് വയസുള്ളപ്പോള്‍ സജിത വീടുവിട്ടിറങ്ങിയത്. ഇറങ്ങിവന്ന സാജിതയെ റഹ്‌മാൻ കൊച്ചുവീട്ടിലെ മുറിയില്‍ ഒളിച്ചു താമസിപ്പിക്കുകയായിരുന്നു. തൊട്ടടുത്ത മുറികളിലുണ്ടായിരുന്ന വീട്ടുകാര്‍ പോലും ഇക്കാര്യം അറിഞ്ഞിരുന്നില്ല. യുവതിയുടെ വീട്ടുകാരുടെ പരാതിയില്‍ നെന്മാറ പൊലീസ് വ്യാപകമായി അന്വേഷണം നടത്തിയെങ്കിലും സജിതയെ കണ്ടെത്താനായിരുന്നില്ല.
ഈ വർഷം മാർച്ചിൽ റഹ്‌മാനും സജിതയും വീടുവിട്ട് വിത്തനശേരിയില്‍ വാടക വീട്ടിലേക്ക് മാറി. തുടർന്ന് റഹ്‌മാനെ കാണാനില്ലെന്ന പരാതിയുമായി വീട്ടുകാര്‍ നെന്മാറ പൊലീസിനെ സമീപിച്ചു. ഈ പരാതിയിൽ പൊലീസ് അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. മൂന്ന് മാസങ്ങൾക്ക് ശേഷം ജൂണിൽ നെന്മാറ ടൗണില്‍ വച്ച് റഹ്മാനെ സഹോദരന്‍ യാദൃശ്ചികമായി കാണുകയും പൊലീസിൽ അറിയിക്കുകയും ചെയ്തതതോടെയാണ് സജിതയുമായുള്ള റഹ്മാന്റെ ഒളിവ് ജീവിതം നാടറിഞ്ഞത്.