KERALA
കേരളത്തിന് അഭിമാനം; ഓട്ടോകാസ്‌റ്റിൽനിന്ന് 4 കാസ്‌നബ് ബോഗികൾ കൂടി പഞ്ചാബിലേക്ക് അയച്ചു
ഉത്തരറെയിൽവേയ്‌ക്കുവേണ്ടി ചേർത്തല ഓട്ടോകാസ്‌റ്റ് നിർമിച്ച നാല് കാസ്‌നബ് ബോഗികൂടി പഞ്ചാബിലേക്ക് അയച്ചു. പൊതുമേഖലാ സ്ഥാപനമായ ഓട്ടോകാസ്‌റ്റ് വലിയ സ്വകാര്യകമ്പനികളോട് മത്സരിച്ച് നേടിയ കരാർ നിശ്ചിത സമയത്തിനുമുമ്പേ പൂർത്തിയാക്കി. റെയിൽവേ സ്വകാര്യവൽക്കരണവുമായി കേന്ദ്ര സർക്കാർ മുന്നോട്ടുപോകുമ്പോഴാണ് വ്യവസായവകുപ്പിന് കീഴിലുള്ള ഓട്ടോകാസ്‌റ്റിന്റെ കുതിപ്പ്. അഞ്ച് ബോഗി നിർമിക്കാനായിരുന്നു കരാർ.
ഇതിൽ ആദ്യത്തേത് ആഗസ്‌ത് ആറിന് അയച്ചു. അമൃതസറിലെ സെൻട്രൽ വർക്ക്‌ഷോപ്പിലേക്കാണ് ചരക്കുവണ്ടികൾക്കുള്ള നാല് ബോഗികൾ റോഡ് മാർഗം അയച്ചത്. 24 അടി നീളമുള്ള ട്രക്കിലാണ് ബോഗി അയച്ചത്. ട്രക്കിലേക്ക് ബോഗികൾ വെള്ളിയാഴ്‌ച കയറ്റിയിരുന്നു. 2020 മാർച്ചിലാണ് കാസ്‌നബ് ബോഗി നിർമാണ കരാർ ലഭിച്ചത്. ഒരു ബോഗിക്ക് 2.5 ടൺ ഭാരമുണ്ട്. രണ്ട് മീറ്റർ വീതിയും 2.5 മീറ്റർ നീളവും മുക്കാൽ മീറ്റർ ഉയരവുമുണ്ട്.
പ്രതിവർഷം രണ്ടായിരത്തിലേറെ ബോഗികളാണ് റെയിൽവേ വാങ്ങുന്നത്. ഇതിന്റെ 20 ശതമാനം ഓർഡർ ഓട്ടോകാസ്‌റ്റിന് ലഭിക്കുമെന്നാണ് ധാരണ. ഗുണനിലവാരം, സമയബന്ധിതമായി നിർമാണം പൂർത്തിയാക്കൽ എന്നീ അനുകൂലഘടകങ്ങൾ ഭാവിയിൽ കൂടുതൽ കരാർ ലഭിക്കാൻ സഹായകമാകും.
ഓട്ടോകാസ്‌റ്റിൽ നടന്ന ചടങ്ങിൽ പി പി ചിത്തരഞ്‌ജൻ എംഎൽഎ ഫ്ലാഗ് ഓഫ് ചെയ്‌തു. ഓട്ടോകാസ്‌റ്റ് ചെയർമാൻ കെ എസ് പ്രദീപ്‌കുമാർ അധ്യക്ഷനായി. ബോർഡംഗം എസ് രാധാകൃഷ്‌ണൻ സംസാരിച്ചു. എം ഡി പ്രസാദ് മാത്യു സ്വാഗതം പറഞ്ഞു.
Comments