കുട്ടികൾക്ക് കോവാക്‌സിന്‍ കുത്തിവെക്കാം: വിദഗ്ദ്ധ സമിതി
രാജ്യത്തെ രണ്ട് മുതല്‍ 18 വയസുവരെ പ്രായമുള്ള കുട്ടികള്‍ക്ക് ഭാരത് ബയോടെക്കിന്റെ കോവാക്‌സിന്‍ കുത്തിവെക്കാമെന്ന് ഡ്രഗ് റെഗുലേറ്ററുടെ സബ്ജക്ട് എക്‌സ്‌പെര്‍ട്ട് കമ്മിറ്റി ശുപാര്‍ശ ചെയ്തു. അടിയന്തര ഉപയോഗത്തിനാണ് ശുപാര്‍ശ. ഈ ശുപാര്‍ശ ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയ്ക്ക് അന്തിമ അനുമതിക്കായി സമര്‍പ്പിച്ചിട്ടുണ്ട്. വാക്‌സിന്‍ കുത്തിവെപ്പെടുക്കണമെങ്കില്‍ ഡ്രഗ് കണ്‍ട്രോളര്‍ ഓഫ് ഇന്ത്യയുടെ അന്തിമാനുമതി ലഭിക്കണം.
18 വയസില്‍ താഴെ പ്രായമുള്ള കുട്ടികളില്‍ കോവാക്സിന്റെ രണ്ടും മൂന്നും ഘട്ടപരീക്ഷണങ്ങള്‍ ഹൈദരാബാദ് ആസ്ഥാനമായ ഭാരത് ബയോടെക് സെപ്റ്റംബറില്‍ പൂര്‍ത്തിയാക്കിയിരുന്നു. എന്നാല്‍ കോവാക്സിന് ലോകാരോഗ്യ സംഘടന (ഡബ്ല്യൂ.എച്ച്.ഒ) ഇതുവരെ അംഗീകാരം നല്‍കിയിട്ടില്ല.
അന്തിമാനുമതി ലഭിക്കുകയാണെങ്കില്‍ ഇന്ത്യയില്‍ കുട്ടികളില്‍ ഉപയോഗിക്കുന്ന രണ്ടാമത്ത കോവിഡ് വാക്‌സിനായിരിക്കും കോവാക്‌സിന്‍. സൈഡസ് കാഡിലയുടെ മൂന്ന് ഡോസ് വാക്‌സിന് നേരത്തെ അനുമതി ലഭിച്ചിരുന്നു. സീറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ നൊവാവാക്‌സിന്റെ ക്ലിനിക്കല്‍ ട്രയലിന് അനുമതി ലഭിച്ചിട്ടുണ്ട്.