SPECIAL
വാവ സുരേഷ് പാമ്പുപിടുത്തം നിർത്തുന്നു
വാവ സുരേഷ് പാമ്പുപിടുത്തം അവസാനിപ്പിക്കാൻ ഒരുങ്ങുന്നു. തനിക്കെതിരെയുള്ള സംഘടിത വിമർശനങ്ങളിലും ഒറ്റപ്പെടുത്തലിലും മനം മടുത്താണ് തീരുമാനം.
പാമ്പുകളുടെ തോഴനെന്ന് അറിയപ്പെടുന്ന വാവ സുരേഷ് കേരളത്തിലുടനീളം സഞ്ചരിച്ച് 165 രാജവെമ്പാലകൾ ഉൾപ്പെടെ അരലക്ഷത്തോളം പാമ്പുകളെ പിടിച്ചിട്ടുണ്ട്. എന്നാൽ താൻ പാമ്പുപിടുത്തം അവസാനിപ്പിക്കാൻ ആഗ്രഹിക്കുന്നുവെന്നാണ് ട്വന്റിഫോറിന്റെ ജനകീയ കോടതിയിൽ തുറന്നുപറഞ്ഞത്. നിയമാനുസൃതമല്ലാതെ തീർത്തും അപകടകരമായ രീതിയിൽ അശാസ്ത്രീയമായാണ് വിഷപ്പാമ്പുകളെപ്പോലും സുരേഷ് കൈകാര്യം ചെയ്യുന്നതെന്ന വിമർശനങ്ങളിൽ ദുഃഖം രേഖപ്പെടുത്തിയാണ് ഈ മേഖലയിൽ നിന്ന് റിട്ടയർ ചെയ്യാൻ താൻ ആഗ്രഹിക്കുന്നതെന്ന് വാവ സുരേഷ് പറഞ്ഞു. അമ്മയും സഹോദരിയും ഇപ്പോൾ തനിക്ക് വിലപ്പെട്ടതായി തോന്നുന്നു. ഇനിയുള്ള കാലം അമ്മയെ ശുശ്രൂഷിച്ച് കുടുംബത്തോടൊപ്പം മുഴുവൻ സമയം കഴിയാനാണ് ആഗ്രഹിക്കുന്നത്. മേസ്തിരിപ്പണി ചെയ്ത് ശിഷ്ടകാലം കഴിയുമെന്നും സുരേഷ് കൂട്ടിച്ചേർത്തു.
അശാസ്ത്രീയമായി പാമ്പുകളെ പിടിക്കുന്നു, വെനം മാഫിയകൾക്ക് പാമ്പിന്റെ വെനം വിൽക്കുന്നു എന്നുള്ള ആരോപണങ്ങളോട് സുരേഷ് പ്രതികരിച്ചത് ഇങ്ങനെ, ഇന്ത്യൻ ഫോറസ്റ്റ് ആക്ട് പ്രകാരം പാമ്പുകളെ പിടിക്കാനോ സംരക്ഷിക്കാനോ ഒരു സംഘടനയ്ക്കും അനുവാദം നൽകാറില്ലെന്ന് സുരേഷ് പറഞ്ഞു. അത്തരത്തിലുള്ള ആരോപണങ്ങളൊക്കെ വാസ്തവ വിരുദ്ധമാണ്. വിമർശനങ്ങളെ തുടർന്നാണ് പാമ്പുപിടുത്തത്തിൽ നിന്നും പിന്മാറാൻ ആഗ്രഹിക്കുന്നതെന്നും വാവ സുരേഷ് വ്യക്തമാക്കി.
Comments