മേള കുലപതി പെരുമനം കുട്ടന്‍ മാരാർ പിഷാരികാവിൽ

കൊയിലാണ്ടി: ഇത്തവണ പിഷാരികാവ് ക്ഷേത്രത്തിലെ ചെറിയ വിളക്കുത്സവത്തിന് മേളപ്രമാണിത്തം വഹിക്കുക, കേരളത്തിലെ എണ്ണം പറഞ്ഞ വാദ്യകലാകാരൻ പെരുവനം കുട്ടൻമാരാരായിരിക്കും. വിശ്വപ്രസിദ്ധമാണ് ഇദ്ദേഹത്തിന്റെ പാഞ്ചാരിമേളം. തൃശൂർ പൂരത്തിന്റെ ഏറ്റവും വലിയ ആകർഷണമായ ഇലഞ്ഞിത്തറമേളം കഴിഞ്ഞ 21 വർഷമായി ഇദ്ദേഹത്തിന്റെ മേളപ്രമാണത്തിലാണ് നടന്നു വരുന്നത്. 43 വർഷമായി പൂരത്തിന്റെ ഇലഞ്ഞിത്തറമേളത്തിൽ വാദ്യകലാകാരനായി പങ്കെടുക്കുന്നു.

രാജ്യം 2011 ൽ പദ്മശ്രീ ബഹുമതി നൽകി ആദരിച്ച ഇദ്ദേഹത്തിന് സംസ്ഥാന സർക്കാരിന്റേതുൾപ്പെടെ നിരവധി പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്. ശങ്കരനാരായണൻ എന്നാണ് യഥാർത്ഥ പേര്. ആറാട്ടുപുഴ, പെരുവനം, ഗുരുവായൂർ ഉൾപ്പെടെ മധ്യകേരളത്തിലെ ഇരുപതിലധികം പ്രശസ്ത പൂരങ്ങൾ കുട്ടൻ മാരാരുടെ പാഞ്ചാരിയില്ലാതെ നടക്കുന്നത് ആരാധകർക്ക് ആലോചിക്കാൻ പോലും കഴിയില്ല. വടക്കേ മലബാറിലേക്കുള്ള ക്ഷണം പൊതുവേ നിരസിക്കാറാണ് പതിവെങ്കിലും ഇത്തവണ ചെറിയ വിളക്കുത്സവത്തിന് വരാൻ അദ്ദേഹം സമ്മതിക്കുകയായിരുന്നു.

 

പെരുവനം ശങ്കരനാരായണ മാരാർ, പെരുവനം ഗോപാലകൃഷ്ണൻ, പെരുവനം മുരളി പിഷാരടി, പെരുവനം വേണു, പെരുവനം വിനു പരമേശ്വരൻ, പ്രകാശൻ, ശങ്കർ ഉണ്ണി, മകൻ കാർത്തിക് എന്നിവരൊക്കെയാണ് പതിവ് സഹപ്രമാണിമാർ. ഇതേ ദിവസങ്ങളിലാണ് പാലക്കാട്ടെ നെന്മാറ വല്ലങ്കി പൂരവുമെന്നത് കൊണ്ട് ഇതിലാരൊക്കെ കൊയിലാണ്ടിയിലെത്തും എന്ന് തീരുമാനമായിട്ടില്ല. കലാമണ്ഡലം ശിവദാസനാണ് പിഷാരികാവിൽ വാദ്യം ഒരുക്കുന്നതിന്റെ ചുമതലകൾ നിർവഹിക്കുന്നത്.

Comments

COMMENTS

error: Content is protected !!