അർധ വേഗം വേണ്ടെന്ന് പറയുന്നത് അതിവേഗത്തിന് ശ്രമിച്ചവർ: മുഖ്യമന്ത്രി
കാലാവസ്ഥാ വ്യതിയാനം വരുത്തിവച്ച മാറ്റങ്ങളും പ്രകൃതിദുരന്തങ്ങളും എൽഡിഎഫ് സർക്കാരിന്റെ നടപടികൾമൂലമാണെന്ന് വരുത്താനുള്ള പ്രതിപക്ഷശ്രമം അടിസ്ഥാനരഹിതവും അശാസ്‌ത്രീയവുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. നമ്മുടെ വികസനപ്രക്രിയ ദീർഘകാലത്ത് പ്രകൃതിവിഭവങ്ങളെ ചൂഷണം ചെയ്തിട്ടുണ്ട്. ഇതിൽ ഘടനാപരമായ മാറ്റമുണ്ടാക്കുന്ന സമഗ്രസമീപനമാണ് സർക്കാർ സ്വീകരിക്കുന്നത്.
അതിവേഗ റെയിൽ കൊണ്ടുവരാൻ ശ്രമിച്ചവർക്ക് അർധ അതിവേഗ റെയിലിനോടുള്ള ‘ഇപ്പോൾ അത് വേണ്ട’ മനോഭാവം നിർഭാഗ്യകരമാണ്. നാടിന്റെ വികസനത്തിന് അത്യന്താപേക്ഷിതമാണെന്നതിലാണ് പദ്ധതി വിഭാവനം ചെയ്തതെന്നും മുഖ്യമന്ത്രി പറഞ്ഞു. കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച അടിയന്തരപ്രമേയത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. ഉമ്മൻചാണ്ടി സർക്കാരിനു പറ്റിയ തെറ്റായിരുന്നു അതിവേഗ റെയിലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. സിൽവർലൈൻ പദ്ധതിക്ക് പാരിസ്ഥിതിക ആഘാതപഠനം നടത്തിയില്ല. പരിസ്ഥിതിയെ സംരക്ഷിച്ചുകൊണ്ട് ആസൂത്രണം ചെയ്തതും ഇനി ചെയ്യാൻ ഉദ്ദേശിക്കുന്നതുമായ വികസനപദ്ധതികൾ മുഖ്യമന്ത്രി വിശദീകരിച്ചു. ഹരിതഗ്രഹ വാതകങ്ങളുടെ ബഹിർഗമനത്തിന്റെ 91 ശതമാനവും ഊർജ മേഖലയാണെന്നതിനാൽ സൗരോർജ, കാറ്റ് വൈദ്യുതി പദ്ധതികൾ ആവിഷ്‌കരിക്കും.
പരിസ്ഥിതിക്ക് അനുയോജ്യമല്ലാത്ത യൂക്കാലിപ്‌സ്, അക്വേഷ്യ, വാറ്റിൽ തുടങ്ങിയ മരങ്ങൾ മാറ്റി പ്രദേശത്തിന്റെ സവിശേഷതകൾക്ക് അനുസൃതമായ മരങ്ങൾ വയ്‌ക്കും. ഇതുസംബന്ധിച്ച നയം രൂപീകരിക്കാൻ ക്യാബിനറ്റ് സബ് കമ്മിറ്റി രൂപീകരിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു.