Uncategorized
കസ്റ്റഡി മരണം: ഉത്തരവാദികളായ പൊലീസുകാരെ പിരിച്ചുവിടുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം / തൊടുപുഴ ∙ നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിൽ വാഗമൺ സ്വദേശി കുമാർ കസ്റ്റഡിയിൽ മരിച്ച സംഭവത്തിൽ ഉത്തരവാദികളായ പൊലീസുകാരെ പിരിച്ചുവിടുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ‘ലോക്കപ്പിനകത്തു തല്ലുകയും തല്ലിക്കൊല്ലുകയും ചെയ്യുന്ന പൊലീസുകാർ ഇനി സർവീസിൽ ഉണ്ടാകില്ല’ – മുഖ്യമന്ത്രി വ്യക്തമാക്കി. പ്രതിയെ കസ്റ്റഡിയിലെടുക്കുന്ന കാര്യത്തെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട ഉയർന്ന ഉദ്യോഗസ്ഥർക്കു കൂടി ഇക്കാര്യത്തിൽ ഉത്തരവാദിത്തമുണ്ടെന്നും അതും അന്വേഷിക്കുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു.
ഇതേ സമയം ഇടുക്കി ജില്ലാ പൊലീസ് മേധാവി കെ.ബി. വേണുഗോപാൽ, കട്ടപ്പന മുൻ ഡിവൈഎസ്പി: പി.പി. ഷംസ് എന്നിവരുടെ ഭാഗത്ത് ഗുരുതര വീഴ്ചയുണ്ടായെന്ന് ഇന്റലിജൻസ് റിപ്പോർട്ടുണ്ട്.
ഇതുവരെ സ്വീകരിച്ച നടപടി മുൻ എസ്ഐ ഉൾപ്പെടെ 8 പൊലീസുകാരെ സസ്പെൻഡ് ചെയ്തതും മുൻ സിഐ ഉൾപ്പെടെ 5 പേരെ സ്ഥലം മാറ്റിയതും മാത്രമാണ്. അസ്വാഭാവിക മരണത്തിനു കേസെടുത്തിട്ടുമുണ്ട്. എന്നാൽ, ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടികളൊന്നുമെടുത്തിട്ടില്ല.
കസ്റ്റഡി മരണം നിയമസഭ നിർത്തിവച്ചു ചർച്ച ചെയ്യണമെന്ന പ്രതിപക്ഷ ആവശ്യത്തിനു മറുപടിയായാണ് മുഖ്യമന്ത്രി പ്രഖ്യാപനങ്ങൾ നടത്തിയത്. സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ടു പ്രതിപക്ഷം സഭയിൽ നിന്നിറങ്ങിപ്പോയി.
രണ്ടു ദിവസത്തിനുള്ളിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചേക്കുമെന്നാണു വിവരം. സിബിഐ അന്വേഷണം വേണമെന്നു കുമാറിന്റെ കുടുംബം മുഖ്യമന്ത്രിയെ കണ്ട് ആവശ്യപ്പെട്ടിരുന്നു.
Comments