Politics
ഗുജറാത്തില്‍ ഒഴിവു വന്ന രണ്ട് രാജ്യസഭാ സീറ്റുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് ആരംഭിച്ചു: വോട്ടെടുപ്പ് പുരോഗമിക്കുന്നു
അഹമ്മദാബാദ്: ഗുജറാത്തില്‍ ഒഴിവുവന്ന രണ്ടു രാജ്യസഭാ സീറ്റുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് ആരംഭിച്ചു. ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഗുജറാത്തില്‍ നിന്നുള്ള രാജ്യസഭാംഗങ്ങളായ അമിത് ഷായും സ്മൃതി ഇറാനിയും തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് രണ്ടു രാജ്യസഭാ സീറ്റുകളില്‍ ഒഴിവു വന്നത്. രാവിലെ ഒന്‍പതു മുതല്‍ വൈകിട്ട് നാലു വരെയാണ് ഉപതിരഞ്ഞെടുപ്പ്. സംസ്ഥാനത്ത് നിന്നുള്ള എംഎല്‍എമാര്‍ രാജ്യസഭയിലെ രണ്ടു സീറ്റുകളിലേക്ക് ഗുജറാത്തിലെ വിധാന്‍സഭയില്‍ തങ്ങളുടെ വോട്ട് രേഖപ്പെടുത്തും.
വിദേശകാര്യ മന്ത്രി എസ്.ജയശങ്കര്‍, ഒബിസി നേതാവ് ജുഗല്‍ജി താക്കൂര്‍ എന്നിവരാണ് ബിജെപിയില്‍ നിന്ന് മത്സരിക്കുന്നത്. ചന്ദ്രികാ ചുഡാസമ, ഗൗരവ് പാണ്ഡ്യ എന്നിവരെയാണ് കോണ്‍ഗ്രസ് മത്സരിപ്പിക്കുന്നത്.
ഇരു സീറ്റുകളിലേക്കും പ്രത്യേകമാണ് എംഎല്‍എമാര്‍ വോട്ട് രേഖപ്പെടുത്തേണ്ടത്. ഒഴിവു വന്ന അമിത് ഷായുടെ സീറ്റിലേക്ക് വെള്ള നിറത്തിലുള്ള ബാലറ്റ് പേപ്പറും, ഒഴിവു വന്ന സ്മൃതി ഇറാനിയുടെ സീറ്റിലേക്ക് പിങ്ക് നിറത്തിലുള്ള ബാലറ്റ് പേപ്പറുമാണ് ഉപയോഗിക്കുന്നത്.
ഗുജറാത്തിലെ രാജ്യസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് ഒരേ ദിവസം നടത്തണമെന്ന് കോണ്‍ഗ്രസ് നേരത്തെ തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നു. നിലവിലെ അംഗബലം അനുസരിച്ച് ഒരേ ദിവസം തിരഞ്ഞെടുപ്പ് നടന്നാല്‍ ഒരു സീറ്റില്‍ കോണ്‍ഗ്രസിന് വിജയിക്കാനാകും. ഒരേ ദിവസം നടന്നില്ലെങ്കില്‍ സഭയില്‍ ഭൂരിപക്ഷമുള്ള ബിജെപിക്ക് രണ്ട് സീറ്റിലും വിജയിക്കാനാകും. ഒരേ ദിവസമാണ് തിരഞ്ഞെടുപ്പ് നടക്കുന്നതെങ്കിലും രണ്ട് ഒഴിവുകളും പ്രത്യേകം പ്രത്യേകം പരിഗണിക്കുമെന്നും പ്രത്യേക വിജ്ഞാപനം ഇറക്കുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി.
Comments