ജോസ് കെ. മാണിയുടെ തിരഞ്ഞെടുപ്പിന് തൊടുപുഴ കോടതിയുടെ താൽക്കാലിക വിലക്ക്

തൊടുപുഴ/ കോട്ടയം ∙ കേരള കോൺഗ്രസ് (എം) ചെയർമാനെന്ന നിലയിലുള്ള അധികാരങ്ങൾ ജോസ് കെ. മാണി വിനിയോഗിക്കുന്നതു താൽക്കാലികമായി വിലക്കി തൊടുപുഴ മുൻസിഫ് കോടതി ഉത്തരവിട്ടു. പി.ജെ. ജോസഫ് പക്ഷത്തുള്ള സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ഫിലിപ്പ് സ്റ്റീഫനും മനോഹർ നടുവിലേടത്തും നൽകിയ ഹർജിയിലാണ് ഉത്തരവ്. കേസ് ഇനി ജൂലൈ 17നു പരിഗണിക്കും.

അതേസമയം, ഉത്തരവു വന്ന് ഒരു മണിക്കൂറിനുശേഷം ജോസ് കെ. മാണി കോട്ടയത്തു പാർട്ടി സംസ്ഥാന കമ്മിറ്റി ഓഫിസിലെത്തി ചെയർമാന്റെ മുറിയിൽ അരമണിക്കൂർ ചെലവഴിച്ചു. മുറിക്കു മുന്നിലെ കെ.എം. മാണിയുടെ ബോർഡ‍് മാറ്റി ‘ജോസ് കെ. മാണി എം പി, ചെയർമാൻ’ എന്ന പുതിയ ബോർഡും വച്ചു. ഞായറാഴ്ച തന്നെ പാർട്ടി ഓഫിസിലെ മിനിറ്റ്സിൽ ചെയർമാനെന്ന നിലയിൽ ഒപ്പിടുകയും അടിയന്തര യോഗം ചേരുകയും ചെയ്തിരുന്നു. ജോസ് കെ. മാണിയെ ചെയർമാനായി തിര‍ഞ്ഞെടുത്തെന്ന കത്ത് ഇന്നലെ രാവിലെ തിരുവനന്തപുരത്തു തിരഞ്ഞെടുപ്പു കമ്മിഷനു കൈമാറി. ഞായറാഴ്ച കമ്മിഷനു ഫാക്സ് അയച്ചിരുന്നു.
തിരുവനന്തപുരം ∙ പി.ജെ. ജോസഫ് പക്ഷം വിളിച്ചുചേർത്ത കേരള കോൺഗ്രസ് (എം) നേതാക്കളുടെ യോഗത്തിൽ ഡപ്യൂട്ടി ചെയർമാൻ സി.എഫ്. തോമസും. വൈകിട്ടു ജോസഫിനൊപ്പം മാധ്യമങ്ങളെ കണ്ടും സി.എഫ്. തന്റെ പരസ്യപിന്തുണ ആദ്യമായി വ്യക്തമാക്കി. സി.എഫ്. ചെയർമാനും പി.ജെ. ജോസഫ് നിയമസഭാ കക്ഷിനേതാവുമായുള്ള സംവിധാനം സംബന്ധിച്ച ചർച്ചയും സജീവമായി.
ജോസ് കെ. മാണിയെ ചെയർമാനായി തിരഞ്ഞെടുത്ത കോട്ടയം യോഗത്തിൽ പങ്കെടുത്ത എംഎ‍ൽഎമാരടക്കമുള്ളവർ പാർട്ടി വിട്ടുപോയതായി കണക്കാക്കേണ്ടിവരുമെന്നു യോഗശേഷം ജോസഫ് വ്യക്തമാക്കി. എൻ. ജയരാജ്, റോഷി അഗസ്റ്റിൻ എന്നിവരെ ഉദ്ദേശിച്ചാണിത്. ഇരുവരും രാവിലെ നിയമസഭയിൽ ജോസഫ്, സി.എഫ്, മോൻസ് ജോസഫ് എന്നിവർക്കൊപ്പമാണിരുന്നത്. ജോസഫ് ഇറങ്ങിപ്പോക്കു പ്രഖ്യാപിച്ചപ്പോൾ കൂടെ നിൽക്കുകയും ചെയ്തു.
∙ ‘കോടതി ഉത്തരവ് പരിശോധിക്കും. നിയമ പോരാട്ടം തുടരും. അന്തിമ തീരുമാനം തിരഞ്ഞെടുപ്പു കമ്മിഷന്റേതാണ്.’ – ജോസ് കെ. മാണി
∙ ‘പാർട്ടി ചെയർമാന്റെ കസേരയിലിരുന്നെന്നു കരുതി ചെയർമാനാകുമോ ?’ – പി.ജെ. ജോസഫ്.
∙ ‘കോട്ടയത്തു യോഗം ചേർന്നു ചെയർമാനെ തിരഞ്ഞെടുത്തവർ കേരള കോൺഗ്രസ്(എം) അല്ല.’ – സി.എഫ്.തോമസ്
Comments

COMMENTS

error: Content is protected !!