CALICUT
45 ശതമാനം മഴക്കുറവ് ; ശുദ്ധജലവിതരണത്തെയും കൃഷിയെയും വൈദ്യുതി ഉത്പാദനത്തെയും സാരമായി ബാധിക്കും

കോഴിക്കോട്: ഇത്തവണത്തെ കാലവര്‍ഷത്തില്‍ 45 ശതമാനം മഴക്കുറവുണ്ടായത് ശുദ്ധജലവിതരണത്തെയും കൃഷിയെയും വൈദ്യുതി ഉത്പാദനത്തെയും സാരമായി ബാധിക്കും. ഇനി വേണ്ടത്ര മഴ കിട്ടാനുള്ള സാഹചര്യം കുറവായതിനാല്‍ ഈ വര്‍ഷം ജലദൗര്‍ലഭ്യം അടക്കം ബുദ്ധിമുട്ട് ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് വിദഗ്ധരുടെ അഭിപ്രായം.
ജൂണ്‍ ഒന്നു മുതല്‍ ആരംഭിക്കേണ്ട മഴ വര്‍ഷത്തില്‍ ഇന്നലെ വരെ ലഭിച്ചത് ശരാശരി പെയ്യുന്ന മഴയേക്കാള്‍ 45 ശതമാനം കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷത്തിന്റെ വരവ് വൈകിയതും ശക്തി കുറഞ്ഞതും ‘എല്‍നിനോ’ പ്രതിഭാസം മൂലമാണെന്ന് വിലയിരുത്തലുമുണ്ട്. ജൂലൈ കഴിഞ്ഞു മാത്രമെ എല്‍നിനോ പ്രതിഭാസം ദുര്‍ബലമാകൂ അതിനാല്‍ ഈ മാസവും മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് മഴ കുറവായിരിക്കും.
തെക്ക്പടിഞ്ഞാറന്‍ കാറ്റിന്റെ ശക്തി കുറഞ്ഞതിനാല്‍ ജൂണ്‍ ആദ്യം തന്നെ മണ്‍സൂണ്‍ മേഘങ്ങള്‍ കേരള തീരത്തേക്ക് എത്താതിരുന്നതും കാലവര്‍ഷം വൈകാന്‍ ഇടയാക്കി. മഴയിലുണ്ടായ കുറവ് കാരണം റിസര്‍വോയറുകളിലടക്കം വെള്ളം കുറയാനും കാരണമാകും.
ഭൂഗര്‍ഭ ജലവിതാനവും താഴ്ന്നതും പെയ്തമഴയിലൂടെ ലഭിച്ച വെള്ളം സംഭരിക്കാത്തതിനാല്‍ കടലിലേക്ക് ഒഴുകി പോകുന്നതും വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്.
Comments