ഓവുചാൽനിർമാണം ഇഴഞ്ഞുനീങ്ങുന്നു;ദുരിതംപേറി കച്ചവടക്കാരും കാൽനടയാത്രികരും
കുറ്റ്യാടിയിൽ ടൗൺനവീകരണത്തിന്റെ ഭാഗമായുള്ള ഓവുചാൽനിർമാണം പാതിവഴിയിലായതോടെ ദുരിതംപേറി കച്ചവടക്കാരും കാൽനടയാത്രികരും. കഴിഞ്ഞമാസം തൊട്ടിൽപ്പാലം റോഡിൽ തുടങ്ങിയ പ്രവൃത്തിയാണ് പാതിവഴിയിലായത്. പ്രവേശനം തടസ്സപ്പെട്ടതിനാൽ ഒരുഭാഗത്തെ ഡസനോളം കടകൾ അടച്ചിട്ടിരിക്കുകയാണ്. തുറന്നതിലാവട്ടെ ആളുകൾ എത്തിപ്പെടാനാവാത്തതിനാൽ കച്ചവടവുമില്ല. വരാന്തകൾ വ്യാപാരത്തിനുപയോഗിക്കുന്ന കടകൾ നേരത്തെ അടച്ചിട്ടതാണ്. ഇനി എന്നു തുറക്കാനാവുമെന്ന കാര്യത്തിലും അനിശ്ചിതത്വമാണ്.
ടൗണിൽ റോഡിന് ഏറ്റവും വീതികുറഞ്ഞ ഭാഗമാണിത്. ഓവുചാൽപ്രവൃത്തി തുടങ്ങിയതോടെ വാഹനങ്ങൾക്ക് എളുപ്പം കടന്നുപോകാനാവാതെയുമായി. ഇതുമൂലം രൂക്ഷമായ ഗതാഗതക്കുരുക്കാണുള്ളത്. കഴിഞ്ഞദിവസം അമ്മയും കുട്ടിയും ഓവുചാലിനായി കുഴിച്ചകുഴിയിൽ വീഴുന്നതിനിടെ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. കേവലം ഒരാഴ്ചകൊണ്ട് പൂർത്തീകരിക്കേണ്ട പ്രവൃത്തിയാണ് കരാറുകാരന്റെ അനാസ്ഥയിൽ ഇഴഞ്ഞുനീങ്ങുന്നതെന്ന് ആക്ഷേപമുണ്ട്.
പ്രവൃത്തിതുടങ്ങി ദിവസങ്ങൾക്കകം ടെലിഫോൺ കേബിളുകൾ നീക്കാത്തതിനാൽ നിർമാണം നിർത്തിവെച്ചിരുന്നു. കേബിൾ മുറിച്ചുമാറ്റി നിർമാണം പുനരാരംഭിച്ചപ്പോൾ ജലവിതരണ പൈപ്പ് പൊട്ടി പ്രവൃത്തി വീണ്ടും മുടങ്ങി. തടസ്സങ്ങൾനീക്കി വേഗത്തിൽ ഓവുചാൽ കോൺക്രീറ്റ് ചെയ്യുമെന്ന് കരാറുകാർ അറിയിച്ചിരുന്നെങ്കിലും ഇതുവരെ തുടങ്ങിയിട്ടില്ല. പൊതുമരാമത്തുമായി ബന്ധപ്പെട്ടപ്പോൾ കരാറുകാരന്റെ അനാസ്ഥയെന്നാണ് ഉദ്യോഗസ്ഥരുടെ മറുപടി.
എന്നാൽ ടൗണിലെ പ്രവൃത്തി രാത്രിമാത്രമേ നടത്താനാവുമെന്നും ഇതുമായി പി.ഡബ്ല്യു.ഡി. സഹകരിക്കുന്നില്ലെന്ന് കരാറുകാരനും കുറ്റപ്പെടുത്തുന്നു. സംഭവത്തിൽ വ്യാപകപ്രതിഷേധമാണുയരുന്നത്. പ്രവൃത്തി വൈകുന്നതിനെച്ചൊല്ലി യൂത്ത് കോൺഗ്രസ് പ്രവർത്തകരും കരാറുകാരനും തമ്മിൽ വ്യാഴാഴ്ച ടൗണിൽവെച്ച് നേരിയ വാക്കേറ്റമുണ്ടായി.
ഇഴഞ്ഞുനീങ്ങുന്ന ഓവുചാൽപ്രവൃത്തി വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് കുറ്റ്യാടി മണ്ഡലം കമ്മിറ്റി പൊതുമരാമത്ത് വകുപ്പ് അസി.എൻജിനിയർക്ക് പരാതി നൽകി. അടിയന്തരമായി പണി പൂർത്തീകരിക്കുന്നില്ലെങ്കിൽ ശക്തമായ പ്രതിഷേധവുമായി രംഗത്തിറങ്ങുമെന്ന് ഭാരവാഹികകളായ സിദ്ധാർഥ് നരിക്കൂട്ടുംചാൽ, ഇ.എം. അസ്ഹർ, കെ.കെ. ജിതിൻ, ടി. ശ്രീരാഗ്, ഒ.പി. സുഹൈൽ എന്നിവർ അറിയിച്ചു.