ആക്രമിക്കപ്പെട്ടതിന്റെ ദൃശ്യങ്ങൾ കോടതി കസ്റ്റഡിയില്‍ നിന്ന് ചോര്‍ന്നതായി, കേരളത്തിലെ ഒരു ചാനലിൽ വാർത്ത വന്നതിൻ്റെ പശ്ചാത്തലിൽ സംഭവത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് ഇരയാക്കപ്പെട്ട നടി ആവശ്യപ്പെട്ടു. രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കുമാണ് ഈ ആവശ്യം ഉന്നയിച്ച് കത്തെഴുതിയത്. സുപ്രീംകോടതി ചീഫ് ജസ്റ്റിസ്, ഹൈക്കോടതി ചീഫ് ജസ്റ്റിസ്, കേന്ദ്ര വിജിലന്‍സ് കമ്മീഷണര്‍മാര്‍, കേന്ദ്ര-സംസ്ഥാന വനിതാ കമ്മീഷന്‍ എന്നവര്‍ക്കും കത്തിന്റെ പകര്‍പ്പ് നല്‍കിയിട്ടുണ്ട്. “താന്‍ ആക്രമിക്കപ്പെട്ടതിന്റെ ദൃശ്യങ്ങള്‍ എറാണാകുളം സെഷന്‍സ് കോടതിയില്‍ നിന്ന് ചോര്‍ന്നുവെന്ന വാര്‍ത്ത പുറത്തുവരുന്നുണ്ട്. ഇതില്‍ അന്വേഷണം വേണ”മെന്നാണ് കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. വെള്ളിയാഴ്ചയാണ് നടി കത്തയച്ചത്.
“വിദേശത്തുള്ള ചില ആളുകളില്‍ ദൃശ്യങ്ങള്‍ എത്തിയെന്ന വാര്‍ത്തകള്‍ വരുന്നുണ്ട്. അത് ഞെട്ടിക്കുന്നതാണ്. തന്റെ സ്വകാര്യതയെ ഹനിക്കുന്ന സംഭവമാണിത്. കോടതിയില്‍ നിന്ന് നീതി പ്രതീക്ഷിച്ചുകൊണ്ടിരിക്കുന്ന ഒരു വ്യക്തിയാണ് താനെന്നും ഇക്കാര്യത്തില്‍ അന്വേഷണം വേണമെന്നും ” നടി ആവശ്യപ്പെട്ടു.
എറണാകുളം സെഷന്‍സ് കോടതിയില്‍ നിന്ന് വിചാരണ കോടതിയിലേക്ക് ദൃശ്യങ്ങള്‍ എത്തിച്ചപ്പോഴാണ് ദൃശ്യങ്ങൾ ചോര്‍ത്തിയത് എന്നാണ് സൂചനകള്‍.
നടയേ ആക്രമിച്ച കേസ്സിൽ ഇരക്ക് നീതി ലഭിക്കുമോ എന്ന ആശങ്ക ഈ സംഭവത്തോടെ ശക്തിപ്പെട്ടിട്ടുണ്ട്.ഇതിൻ്റെ അനുബന്ധമായി വന്ന മറ്റൊരു കേസ്സിൽ ദിലീപിൻ്റെ മുൻകൂർ ജാമ്യാപേക്ഷയിലുള്ള തീരുമാനം അനന്തമായി നീണ്ടുപോകുന്നതും ഇത്തരം ഒരാശങ്കക്ക് കാരണമായിട്ടുണ്ട്. ജാമ്യാപേക്ഷയിൽ ഇത്ര വിശദമായ തെളിവു പരിശോധനയും കാല ദൈർഘ്യവും പതിവില്ലാത്തതാണെന്നും പ്രോസിക്യൂഷൻ്റെ റിപ്പോർട്ട് പ്രഥമദൃഷ്ട്യാ നില നിൽക്കുന്നതാണോ എന്ന പരിശോധന മാത്രമാണ് ജാമ്യം നൽകുന്നതിന് പരിഗണിക്കുകയെന്നും തെളിവുകളുടെ വിചാരണയും പരിശോധനയും കേസ്സിൻ്റെ ട്രയൽ നടക്കുമ്പോൾ മാത്രമേ കോടതികൾ വിശദമായി കേൾക്കാറുള്ളൂ എന്നും നിയമവിദഗ്ധർ പറയുന്നു.ദിലീപിൻ്റെ കാര്യത്തിൽ മറ്റു പ്രതികൾക്ക് ലഭിക്കാത്ത പരിഗണനയാണ് കിട്ടിക്കൊണ്ടിരിക്കുന്നതെന്നും രണ്ടാഴ്ചയായി ദിലീപുമായി ബന്ധപ്പെട്ട കേസുകളിൽ സംഭവിക്കുന്നത് നമ്മുടെ നീതിന്ന്യായ ചരിത്രത്തിലെ തന്നെ പുതിയ അനുഭവമാണെന്നും നിയമവിദഗ്ധർ പറയുന്നു