MAIN HEADLINES

ആദ്യമായിട്ടാണ് മരണത്തെ ഇത്രയും അടുത്തു കാണുന്നത്.

‘പാമ്പിനെ പിടികൂടി ഉയർത്തിയ ശേഷം ചാക്കിലേക്കു കയറ്റാൻ ശ്രമിക്കുന്നതിനിടെ വാരിയെല്ലിൽ ഒരു മിന്നൽ വേദന. ഒരു നിമിഷം ശ്രദ്ധ മാറി. അതാണു പാമ്പു കടിയേൽക്കാൻ കാരണം.’ – മെഡിക്കൽ കോളജിലെ നിരീക്ഷണ മുറിയിൽ വിശ്രമിക്കുന്ന വാവ സുരേഷ് പറയുന്നു.  അപകടത്തിൽ പരുക്കേറ്റു ചികിത്സയിൽ കഴിഞ്ഞ ശേഷമാണ് വാവ സുരേഷ് കുറിച്ചിയിൽ പാമ്പു പിടിക്കാൻ എത്തിയത്.

‘വാഹനാപകടത്തിലെ പരുക്കാണു ശ്രദ്ധ തെറ്റിച്ചത്.  ആദ്യമായിട്ടാണ് മരണത്തെ ഇത്രയും അടുത്തു കാണുന്നത്. അപകടത്തിൽ വാരിയെല്ലിനു പൊട്ടൽ ഉണ്ടായിരുന്നു. ഇതിന്റെ വേദന നിലനിൽക്കുമ്പോഴാണ് കുറിച്ചിയിൽ പാമ്പിനെ പിടികൂടാൻ വരണമെന്നു ഫോൺകോൾ ലഭിച്ചത്. കഴുത്തിനും വാരിയെല്ലുകൾക്കും നല്ലവേദന ഉണ്ടായിരുന്നു.  ശാരീരിക ബുദ്ധിമുട്ട് മാറ്റിവച്ചാണ് കുറിച്ചിയിലേക്ക് വന്നത്.

2 തവണ കോവിഡ് വന്നതിന്റെ ശ്വാസംമുട്ടലും  ഉണ്ടായിരുന്നു. പാമ്പിന്റെ കടിയേറ്റ് ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെ ഒരിക്കലും ഉണ്ടാകാത്ത  ബുദ്ധിമുട്ടുകളാണ് ഉണ്ടായത്. രക്ഷപ്പെടില്ലെന്ന സംശയം  കാർ ഓടിച്ചിരുന്ന അഖിലിനോടും പങ്കുവച്ചിരുന്നു.യാത്രയ്ക്കിടെ ബോധം മറയുന്നത് നല്ലതുപോലെ ഓർക്കുന്നു. പിന്നീട് ഓർമ വന്നത് നാലാം തീയതി ഉണർന്നപ്പോഴാണ്. ഇതിനിടെ സംഭവിച്ചതൊന്നും ഓർമയില്ല. ഒട്ടേറെത്തവണ പാമ്പു കടിച്ചിട്ടുണ്ടെങ്കിലും മരണഭയം ആദ്യമാണ്– സുരേഷ് പറഞ്ഞു.

മന്ത്രി വി.എൻ.വാസവൻ അടക്കമുള്ളവരുടെ സഹായങ്ങൾ മനസ്സിലാക്കിയിട്ടുണ്ട്. സുഹൃത്തും പഞ്ചായത്തംഗവുമായ മഞ്ജിഷ് എപ്പോഴും കൂടെയുണ്ട്. ഇനിയും  വീടുകളിൽ പാമ്പു കയറിയാൽ പഴയപോലെ തന്നെ പാഞ്ഞെത്തും.  ഈ നിയോഗത്തിനായിട്ടാണ് ദൈവം ആയുസ്സ് നീട്ടിത്തന്നതെന്നാണു വിശ്വസിക്കുന്നത്. – വാവ സുരേഷ് പറയുന്നു.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button