ലഹരി നല്‍കി ദുരുപയോഗം; റോയി, സൈജു, അഞ്ജലി എന്നിവര്‍ക്കെതിരെ ഒന്നിലേറെ പോക്സോ പരാതികള്‍
കൊച്ചിയിലെ നമ്പർ 18 ഹോട്ടല്‍ ഉടമ റോയി വയലാറ്റിനും സൈജു തങ്കച്ചനും കോഴിക്കോട് സ്വദേശിനി അഞ്ജലി വടക്കേപ്പുര എന്നിവര്‍ക്കെതിരെ ഒന്നിലേറെ പോക്സോ പരാതികള്‍. അഞ്ജലിയുടെ കണ്‍സള്‍ട്ടന്‍സി സ്ഥാപനത്തിലെ ജീവനക്കാരുടെ രണ്ടു മക്കളെ ലഹരിമരുന്നു നല്‍കി ലൈംഗികമായി ദുരുപയോഗം ചെയ്‌തെന്ന വെളിപ്പെടുത്തലിനെ തുടര്‍ന്നാണ് കേസ്. ഇവര്‍ക്കെതിരെ 9 പെണ്‍കുട്ടികള്‍ മജിസ്‌ട്രേറ്റിനു മുന്നില്‍ മൊഴി നല്‍കിയിട്ടുണ്ടെന്നാണ് വിവരം.
16 വയസ്സുള്ള പെണ്‍കുട്ടികളില്‍ ഒരാള്‍ക്കു പകരം അവരുടെ മാതാവാണ് പൊലീസിനു മൊഴി നല്‍കിയത്. നേരിട്ട ദുരനുഭവത്തിന്റെ ഞെട്ടലില്‍നിന്നു മാറിയിട്ടില്ലാത്ത പെണ്‍കുട്ടി കരച്ചിലോടെയാണ് പൊലീസിനോടു സംസാരിച്ചത് മാനസികമായി പെണ്‍കുട്ടി സാധാരണ നിലയിലെത്തിയ ശേഷം തുടര്‍നടപടി സ്വീകരിക്കാനാണ് പൊലീസ് തീരുമാനമെന്നും പരാതി നല്‍കിയ യുവതി പറയുന്നു.
കോഴിക്കോട് ഡെലിവറി ആപ് എന്ന പേരില്‍ നടത്തിയിരുന്ന സ്ഥാപനത്തില്‍ പെണ്‍കുട്ടികളെ നിയമിച്ചിരുന്നത് ലഹരിക്കടത്തിനും പാര്‍ട്ടികളില്‍ പങ്കെടുപ്പിച്ചു ദുരുപയോഗം ചെയ്യുന്നതിനുമായിരുന്നു എന്നാണ് ഇവര്‍ പറയുന്നത്. കോഴിക്കോട്ടുനിന്നു ടാക്‌സിയിലാണ് ആറു യുവതികളുമായി അഞ്ജലി കൊച്ചിയിലെത്തിയത്. ഇവിടെ ആഡംബര ഹോട്ടലില്‍ താമസിപ്പിച്ച ശേഷം സൈജുവിന്റെ പക്കലുണ്ടായിരുന്ന കാറിലാണ് നമ്പര്‍ 18 ഹോട്ടലിലേക്കു കൊണ്ടു പോയത്. ഹോട്ടലില്‍നിന്നു ലഹരിപാനീയം കുടിക്കാന്‍ നല്‍കിയെങ്കിലും അതിനു തയാറാകാതിരുന്നതാണ് ഇവരെ വലയില്‍പെടുന്നതില്‍നിന്നു രക്ഷിച്ചത്. സുബോധത്തോടെ ആയിരുന്നതിനാല്‍ സ്ഥലത്തുനിന്നു പെണ്‍കുട്ടികളുമായി ഓടി രക്ഷപെടാന്‍ സാധിച്ചതായും ഇവര്‍ പറയുന്നു.