ഇതര സമുദായത്തിൽ നിന്നു വിവാഹം ചെയ്തതിനാൽ യുവാവിനും കുടുംബത്തിനും സമുദായഭ്രഷ്ട് കൽപിച്ചതായി പരാതി.
ഇതര സമുദായത്തിൽ നിന്നു വിവാഹം ചെയ്തതിനാൽ യുവാവിനും കുടുംബത്തിനും സമുദായഭ്രഷ്ട് കൽപിച്ചതായി പരാതി. കുണ്ടൂപ്പറമ്പ് മാളികക്കണ്ടി എം.ഗോവിന്ദരാജിന്റെ മകൻ അരുൺരാജ് കുമാറിന്റെ വിവാഹത്തോടനുബന്ധിച്ചാണു സമുദായനേതൃത്വം ഭ്രഷ്ടും ഊരുവിലക്കും കൽപിച്ചതായി പരാതിയുയർന്നത്. ഓസ്ട്രേലിയയിൽ വിഎഫ്എക്സ് ആർട്ടിസ്റ്റായി ജോലി ചെയ്യുന്ന അരുണിന്റെ വിവാഹം ജനുവരി രണ്ടിനായിരുന്നു. ഉത്തർപ്രദേശ് സ്വദേശിനിയാണു വധു.
യാദവ സമുദായാംഗമായ അരുൺരാജിന്റെ വിവാഹം സമുദായക്ഷേത്രത്തിൽ നടത്തിത്തരാൻ ഡിസംബർ 14നു ക്ഷേത്രകമ്മിറ്റിക്കു കത്തു നൽകിയിരുന്നതായി പിതാവ് ഗോവിന്ദരാജ് പറഞ്ഞു. യുവതി മറ്റൊരു സമുദായത്തിൽ നിന്നായതിനാൽ കമ്മിറ്റി ഭാരവാഹികൾ എതിർത്തു. ബന്ധുക്കളുടെ വീടുകളിലെ വിവാഹം, മരണം തുടങ്ങിയവയുടെ ചടങ്ങുകളിൽ പങ്കെടുത്താൽ അയിത്തം കൽപിച്ചു മാറ്റിനിർത്തുമെന്നു ഭീഷണിപ്പെടുത്തിയതായും ഗോവിന്ദരാജ് പറയുന്നു.
തുടർന്നു നടക്കാവ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. പൊലീസിന്റെ മധ്യസ്ഥതയിൽ ചർച്ച നടത്തുകയും വിവാഹക്കാര്യത്തിൽ എതിർപ്പില്ലെന്ന് ബന്ധപ്പെട്ടവർ സമ്മതിക്കുകയും ചെയ്തെങ്കിലും വിവാഹമാമൂൽപണം സ്വീകരിക്കാൻ കമ്മിറ്റി തയാറായില്ലെന്നും വരന്റെ വീട്ടുകാർ പറയുന്നു. ഇത്തരം സമ്പ്രദായം സമുദായത്തിലില്ലെന്നും ഊരുവിലക്കുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പൊലീസ് സ്റ്റേഷനിലെ ചർച്ചയിൽ പരിഹരിച്ചതായും കാഞ്ചികാമാക്ഷിയമ്മൻ ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് അടസ ബാബു പറഞ്ഞു.