LATEST
ലോറിയിടിച്ച് കാല്നടയാത്രക്കാരന് മരിച്ചതില്‍ മനംനൊന്ത് ഡ്രൈവര്‍ തൂങ്ങിമരിച്ചു
മലപ്പുറം ജില്ലയില്‍ വെട്ടം ആലിശ്ശേരിയിൽ ഫര്‍ണിച്ചര്‍ കയറ്റിയ ലോറിയിടിച്ച് കാല്നടയാത്രക്കാരന് മരിച്ചതില്‍ മനംനൊന്ത് ലോറിയോടിച്ച ഡ്രൈവര്‍ തൂങ്ങിമരിച്ചു. ലോറിഡ്രൈവര്‍ മുതിയേരി ബിജു(28)വിനെയാണ് വീട്ടിലെ കിടപ്പുമുറിയില്‍ ചൊവ്വാഴ്ച രാവിലെ ആത്മഹത്യചെയ്ത നിലയില്‍ കണ്ടെത്തിയത്. തിങ്കളാഴ്ചരാത്രി ഭക്ഷണം കഴിച്ച് കിടന്നതായിരുന്നുവെന്ന് ബന്ധുക്കള്‍ പോലീസിനോട് പറഞ്ഞു.
അപകടമുണ്ടായ ഉടനെ ഗുരുതരമായി പരിക്കേറ്റയാളെ അതേ ലോറിയില്‍ തന്നെ ബിജു ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടയില്‍ ബിജുവിന്റെ മടിയില്‍ക്കിടന്നാണ് കാല്നടയാത്രക്കാരന് മരിച്ചത്. ഇതേത്തുടർന്ന് മാനസികവിഷമം കാരണം ബിജുവിന് വിഷാദരോഗം ബാധിച്ചിരുന്നു. തന്റെ മനഃപ്രയാസം ബിജു വീട്ടുകാരോട് ഇടയ്ക്കിടെ പറയാറുണ്ടായിരുന്നു.
മൃതദേഹം പരിശോധനയ്ക്കായി തിരൂര്‍ ജില്ലാ ആശുപത്രിയിലെത്തിച്ചുവെങ്കിലും കോവിഡ് പരിശോധനയില്‍ പോസിറ്റീവായതിനാല്‍ കോഴിക്കോട് മെഡിക്കല്‍ കോളേജാശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി. അവിവാഹിതനാണ്. സഹോദരങ്ങള്‍: ബിന്‍സി, ബൈജു.
Comments