Politics
വിശ്വാസവോട്ടെടുപ്പിന് മുമ്പ് കർണാടകത്തിൽ തിരക്കിട്ട നീക്കങ്ങൾ; പുതിയ തന്ത്രങ്ങൾ മെനഞ്ഞ് കോൺഗ്രസ്
ബെംഗളൂരു: രാഷ്ട്രീയ പ്രതിസന്ധി തുടരുന്ന കര്‍ണാടകത്തില്‍ മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി വിശ്വാസവോട്ടെടുപ്പിന് അനുമതി തേടിയതോടെ തിരക്കിട്ട നീക്കങ്ങളാണ് രാഷ്ട്രീയ പാർട്ടികൾ നടത്തുന്നത്. കോൺഗ്രസ്, ജെഡിഎസ്, ബിജെപി എംഎൽഎമാർ ബെംഗളൂരുവിലെ റിസോർട്ടുകളിലും ഹോട്ടലിലും തുടരുകയാണ്. അതേസമയം, വിമത ക്യാമ്പിൽ ഭിന്നിപ്പുണ്ടാക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. വിശ്വാസവോട്ടെടുപ്പ് തീയ്യതിയിൽ തിങ്കളാഴ്ച തീരുമാനമാകും.
സുപ്രീംകോടതി ഉത്തരവോടെ കിട്ടിയ സമയം കൊണ്ട് എല്ലാ വഴികളും തേടാനാണ് കോണ്‍ഗ്രസ് – ജെഡിഎസ് സഖ്യത്തിന്‍റെ തീരുമാനം. ഇന്നലെ രാത്രി വൈകിയും മുഖ്യമന്ത്രി കുമാരസ്വാമിയും കോണ്‍ഗ്രസ് നേതാക്കളും യോഗം ചേര്‍ന്നിരുന്നു. നിലവിൽ വിശ്വാസവോട്ടിന് മുംബൈയിലുളള വിമത എംഎൽഎമാർ എത്തില്ലെന്ന് ഉറപ്പാണ്. എന്നാൽ ബെംഗളൂരുവിൽ തുടരുന്നവരിൽ സഖ്യം പ്രതീക്ഷ വെക്കുന്നുണ്ട്.
സ്വതന്ത്രരും രാമലിംഗ റെഡ്ഡിയും ഉൾപ്പെടെ ആറ് പേരെങ്കിലും മടങ്ങി വന്നാൽ പിടിച്ചുനിൽക്കാൻ വഴിയുണ്ടെന്ന കണക്കുകൂട്ടലിലാണ് സഖ്യം. കുതിരച്ചവടം അവസാനിപ്പിക്കാനെന്ന നിലപാട് ആവര്‍ത്തിക്കുമ്പോഴും ബിജെപി പക്ഷത്ത് നിന്നും എംഎല്‍എമാരെ ഒപ്പമെത്തിക്കാനും ശ്രമങ്ങളുണ്ടാവും. ജെഡിഎസ് എംഎൽഎമാരെ ദേവനഹളളിയിലെ റിസോർട്ടിലേക്ക് തിരികെ കൊണ്ടുപോയി. നഗരത്തിലെ പഞ്ചനക്ഷത്ര ഹോട്ടലിലാണ് കോൺഗ്രസ് എംഎൽഎമാർ താമസിക്കുന്നത്. ബിജെപിയും എംഎൽഎമാരെ റിസോർട്ടിലേക്ക് മാറ്റി.
അതേസമയം, വിശ്വാസവോട്ടെടുപ്പ് ആവശ്യപ്പെട്ട് മുഖ്യമന്ത്രി കത്ത് നല്‍കിയ പശ്ചാത്തലത്തില്‍ പ്രതിപക്ഷ നേതാക്കളുമായി സ്പീക്കര്‍ തിങ്കളാഴ്ച കൂടിക്കാഴ്ച്ച നടത്തും. വിമതരുടെ രാജി സ്വീകരിക്കുന്നതിൽ സുപ്രീംകോടതി ഉത്തരവിന് മുമ്പ് സഭയില്‍ വോട്ടെടുപ്പിനുള്ള സാധ്യതാണ് കോണ്‍ഗ്രസും ജെഡിഎസ്സും തേടുന്നത്. വിശ്വാസം തെളിയിക്കാതെ ഇറങ്ങിപ്പോകേണ്ടി വന്നാൽ വിമതർക്ക് അയോഗ്യത ഉറപ്പാക്കുകയാണ് തന്ത്രം.
Comments