KOYILANDILOCAL NEWS
ദ്വിദിന ദേശീയ പണിമുടക്ക് വിജയിപ്പിക്കുക
കൊയിലാണ്ടി: കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധ –തൊഴിലാളിവിരുദ്ധ നയങ്ങൾക്കെതിരെ മാർച്ച് 28, 29 തീയതികളിൽ നടക്കുന്ന ദ്വിദിന ദേശീയ പണിമുടക്ക് വിജയിപ്പിക്കാൻ ആക്ഷൻ കൗൺസിലിന്റെയും സമരസമിതിയുടെയും ജീവനക്കാരുടെയും അധ്യാപകരുടെയും നേതൃത്വത്തിൽ കൈരളി ഓഡിറ്റോറിയത്തിൽ കൊയിലാണ്ടി താലൂക്ക് കൺവെൻഷൻ ചേർന്നു. കെ എസ് ടി എ സംസ്ഥാന എക്സിക്യുട്ടീവ് അംഗം വി പി രാജീവൻ ഉദ്ഘാടനം ചെയ്തു. ആക്ഷൻ കൗൺസിൽ താലൂക്ക് കൺവീനർ എം പി ജിതേഷ് ശ്രീധർ സ്വാഗതം പറഞ്ഞു. താലൂക്ക് ചെയർമാൻ ആർ എം രാജൻ അധ്യക്ഷനായിരുന്നു. കെ ജി എൻ എ സംസ്ഥാന കമ്മിറ്റി അംഗം കെ ജെ ഷീജ, സി പി സതീശൻ, സി ജി സജിൽ കുമാർ എന്നിവർ സംസാരിച്ചു.
ദേശീയ പെൻഷൻപദ്ധതി പിൻവലിക്കുക, കരാർ,- പുറം കരാർ, കാഷ്വൽ നിയമനങ്ങൾ അവസാനിപ്പിക്കുക, ലേബർ കോഡുകളും പ്രതിരോധ മേഖലയിലെ പണിമുടക്ക് നിരോധന നിയമവും പിൻവലിക്കുക, പൊതുമേഖലയിലെ സ്വകാര്യവൽക്കരണം അവസാനിപ്പിക്കുക, ദേശീയ വിദ്യാഭ്യാസ നയം പിൻവലിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് ജീവനക്കാരും അദ്ധ്യാപകരും പണിമുടക്കിൽ അണിചേരുന്നത്.
Comments