തെരുവിന്റെ സാദ്ധ്യതയിൽ തീർത്ത നിശ്ചലദൃശ്യം; യുദ്ധത്തിനെതിരെ വിദ്യാർത്ഥികൾ
കൊയിലാണ്ടി: ദേശീയപാത നിർമ്മാണത്തിനായി ഇടിച്ചു തകർത്തിട്ട കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ ചിതറിക്കിടക്കുന്ന അവശരായ കുട്ടികൾ. തകർന്ന ചുവരുകളിലും ശരീരത്തിലും രക്തം ഒലിച്ചിറങ്ങിയ പാടുകൾ. ചിതറിക്കിടക്കുന്ന വെടിക്കോപ്പുകൾ. കണ്ടവരല്ലാം അമ്പരന്നു. അരികിലേക്കോടിയെത്തി നോക്കിയപ്പോഴാണ് അതൊരു നിശ്ചലദൃശ്യമാണെന്നവർ മനസ്സിലാക്കിയത്.തിരുവങ്ങൂർ ഹയർ സെക്കണ്ടറി സ്കൂളിലെ ആർട്ട്സ് ക്ലബ്ബിന്റേയും സീഡിന്റേയും ആഭിമുഖ്യത്തിലായിരുന്നു തിരുവങ്ങൂർ അങ്ങാടിയിലെ പൊളിഞ്ഞു കിടക്കുന്ന കെട്ടിടത്തിൽ യുദ്ധവിരുദ്ധ നിശ്ചല ദൃശ്യം ഒരുക്കിയത്.
പ്രധാന അദ്ധ്യാപിക കെ.കെ വിജിത, കലാദ്ധ്യപകനായ ഹാറൂൺ അൽ ഉസ്മാൻ, കെ. നിഷാന്ത്, വിദ്യാർത്ഥികളായ പി എസ് അഭിജിത്ത്, ടി ദേവിക, കെ ടി വിഷ്ണു നന്ദൻ, നിരഞ്ജന, അഭിനവ് ജീവൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിപാടി. നൂറുകണക്കിനാളുകളെയാണ് നിശ്ചല ദൃശ്യം ആകർഷിച്ചത്.