പട്ടികജാതിക്കാരായ വിദ്യാർത്ഥികളുടെ ഫീസ് അടയ്ക്കുന്നതിലെ അവ്യക്തത; പരീക്ഷ എഴുതാനുള്ള അവസരം നഷ്ടമായേക്കും
പേരാമ്പ്ര: പരീക്ഷക്ക് ഫീസിളവുള്ള പട്ടികജാതി പട്ടികവർഗ്ഗ ഹയർ സെക്കൻ്ററി വിദ്യാർത്ഥികളിൽ നിന്ന് പതിവില്ലാതെ സ്കൂൾ അധികൃതർ പരീക്ഷാ ഫീസ് പിരിക്കുന്നതായി പരാതി ഉയരുന്നു. ഫീസ് ഇളവിന് അർഹതയുള്ള പട്ടികജാതി പട്ടികവർഗ്ഗ വിദ്യാർത്ഥികളുടെ ഫീസ് ബന്ധപ്പെട്ട വകുപ്പ് അടയ്ക്കാറാണ് പതിവ്. സാമൂഹ്യ സാമ്പത്തിക പിന്നാക്കാവസ്ഥയും, കുടുംബങ്ങളിലെ ദാരിദ്ര്യവും കാരണം വിദ്യാർത്ഥികൾ പുറത്തായിപ്പോകുന്നത് തടയുന്നതിനാണിത്. പതിറ്റാണ്ടുകളായി തുടരുന്ന ഈ കീഴ്വഴക്കമാണ് ഈ വർഷം മുതൽ അട്ടിമറിക്കപ്പെടുന്നത്.
ഡയരക്ടർ ഓഫ് ജനറൽ എഡ്യുക്കേഷനിലെ ഹയർ സെക്കൻ്ററി വിംഗ് പുറപ്പെടുവിച്ച വിജ്ഞാപനത്തിലെ അവ്യക്തത കാരണമാണിത് സംഭവിക്കുന്നത്.
ഹയർ സെക്കണ്ടറി ഒന്നാം വർഷ പരീക്ഷയുമായി ബന്ധപ്പെട്ട്, മാർച്ച് രണ്ടിന് ഇറങ്ങിയ നോട്ടിഫിക്കേഷന്റെ പാർട്ട് നാലിൽ, പ്രിൻസിപ്പൽമാർക്കുള്ള പതിമൂന്നിന നിർദ്ദേശങ്ങളിൽ അഞ്ചാമതായി പറയുന്നത് അനുവദനീയമായ ഫീസ് ഇളവുകളുള്ള വിദ്യാർത്ഥികൾക്ക് അത് ലഭിക്കുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കണമെന്നാണ്. പ്രിൻസിപ്പൽമാർ അടയ്ക്കണം എന്ന് പറയുന്നില്ല. ഇത് ചൂണ്ടിക്കാണിച്ചാണ് ചില സ്കൂളുകളിൽ വിദ്യാർത്ഥികളിൽ നിന്ന് ഫീസീടാക്കുന്നത്. ഈ നിർദ്ദേശത്തിൽ വ്യക്തതക്കുറവുണ്ടെന്നാണ് അധികൃതരുടെ നിലപാട്.
ഇതുവരെ പട്ടിക വിഭാഗം വിദ്യാർത്ഥികളുടെ സ്റ്റൈപ്പൻ്റ് തുക പ്രിൻസിപ്പലിൻ്റെ അക്കൗണ്ടിലേക്കാണ് വന്നിരുന്നത്. തുടർന്ന് കുട്ടികളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നൽകുകയായിരുന്നു പതിവ്. അതിൽ പരീക്ഷാ ഫീസുമുൾപ്പെടും. ഇപ്പോൾ ഇഗ്രാൻ്റ് സംവിധാനം വിദ്യാർത്ഥികളുടെ അക്കൗണ്ടിലേക്ക് നേരിട്ട് നൽകുകയാണ് ചെയ്യുന്നത്. അതിനാൽ പ്രിൻസിപ്പൽമാർക്ക് ബാധ്യതയാവാതിരിക്കാനാണ് മുൻകൂർ ഫീസ് ഈടാക്കുന്നത് എന്നാണ് ഫീസ് വാങ്ങുന്ന സ്കൂളുകാർ പറയുന്നത്. പല സ്കൂളുകളിലും മുൻകൂർ ഫീസ് ഈടാക്കാതെ പഴയ കീഴ് വഴക്കം തന്നെ തുടരുന്നുമുണ്ട്. പട്ടികജാതി/വർഗ്ഗ വികസന വകുപ്പ് കൃത്യതയോട് കൂടി ഇ ഗ്രാൻ്റ് വിതരണം പൂത്തിയാക്കുകയാണെങ്കിൽ ഒരു പരിധി വരെ പരിഹാരമാവുമായിരുന്നു. എന്നാൽ അധ്യയന വർഷ അവസാനമായിട്ടും നിരവധി വിദ്യാർത്ഥികൾക്ക് ഇപ്പോഴും സ്റ്റൈപ്പൻ്റ് ലഭ്യമായിട്ടില്ല. പട്ടിക വിഭാഗം വിദ്യാർത്ഥികൾക്ക് അവസര നിഷേധം ഉണ്ടാവാതിരിക്കാൻ ശുഷ്കാന്തിയോടെ ഇടപെടേണ്ടവരുടെ ഉദ്ദേശശുദ്ധിയാണ് ചോദ്യം ചെയ്യപ്പെടുന്നത് എന്ന് ദളിത് ആക്ടിവിസ്റ്റുകൾ ചൂണ്ടിക്കാണിക്കുന്നു. പട്ടിക വിഭാഗങ്ങൾക്കുള്ള സ്പെഷ്യൽ റിക്രൂട്ട്മെൻ്റ് നിർത്തലാക്കിയതിൻ്റെ തുടർച്ചയാണ് സംവരണ ആനുകൂല്യങ്ങൾ പ്രായോഗികമായി അട്ടിമറിക്കപ്പെടുന്ന ഈ നടപടികളിലൂടെ സംഭവിക്കുന്നതെന്ന് അവർ ആരോപിക്കുന്നു.
ഇന്ന് വെള്ളിയാഴ്ച ഫീസ് ഒടുക്കേണ്ട അവസാന ദിനമാണ്. നൂറു കണക്കിന് വിദ്യാർത്ഥികളെ ബാധിക്കുന്ന ഈ വിഷയത്തിൽ അടിയന്തിര ഇടപെടലുണ്ടാകണമെന്നാണ് രക്ഷിതാക്കളുടെയും വിദ്യാർത്ഥികളുടെയും ആവശ്യം. വെള്ളിയാഴ്ച കോഴിക്കോട് നടക്കുന്ന പ്രിൻസിപ്പൽമാരുടെ യോഗത്തിൽ ഇത് ചർച്ചയാവുമെന്നാണ് കരുതുന്നത്. പട്ടികജാതി വികസന വകുപ്പ് മന്ത്രിയുടെ ശ്രദ്ധ ഈ വിഷയമെത്തിക്കാനുള്ള നീക്കങ്ങളും ശക്തമായിട്ടുണ്ട്.