DISTRICT NEWS
പുലിയിറങ്ങിയതായി സംശയം; വനംവകുപ്പ് പരിശോധന നടത്തി
നാദാപുരം: പുലിയിറങ്ങിയതായി പറയുന്ന വളയം പഞ്ചായത്തില കല്ലുനിര, അച്ചംവീട് പരിസരപ്രദേശങ്ങളിൽ പുലിയിറങ്ങിയതായി സംശയം.
വ്യാഴം രാത്രി ഏഴരയോടെ ചേലത്തോട്ടിലെ മലപ്പാടിന്റെവിട ശങ്കരന്റെ വീടിനുസമീപം പട്ടിയുടെ പിറകെ ഒരു വലിയ ജീവി പിന്തുടർന്ന് ഓടുന്നത് കണ്ടതായി വീട്ടുകാർ പറഞ്ഞു. ഇതോടെ നാട്ടുകാരുടെ ആശങ്ക വർധിച്ചു. ഇവിടെനിന്ന് ഒരു ജീവിയുടെ കാൽപ്പാടുകൾ നാട്ടുകാർ കണ്ടെത്തി.
ഒരാഴ്ചയായി പ്രദേശവാസികൾ ഇവിടെ പുലിഭീതിയിലാണ്. ബുധൻ രാവിലെ നല്ലടത്ത് അമ്പലത്തിനുസമീപം മിച്ചഭൂമിയുടെ ആളൊഴിഞ്ഞ പറമ്പിലൂടെ പുലി ഓടിപ്പോകുന്നത് കണ്ടതായി പരിസരവാസിയായ സ്ത്രീ പറഞ്ഞിരുന്നു. ഇതേ തുടർന്ന് അച്ചംവീട്ടിൽ വനംവകുപ്പ് പരിശോധന നടത്തി. കുറ്റ്യാടി ഫോറസ്റ്റ് ഓഫീസറുടെ നേതൃത്വത്തിലായിരുന്നു പരിശോധന. നാട്ടുകാരിൽനിന്ന് വിവരങ്ങൾ ശേഖരിച്ചു. കഴിഞ്ഞ ആഴ്ച പ്രദേശത്ത് ആടിനെ കൂടുതകർത്ത് കൊന്നുതിന്ന നിലയിലും കുറുക്കനെ കൊന്ന നിലയിലും കണ്ടിരുന്നു. എന്നാൽ പുലിയാണ് പ്രദേശത്ത് ഇറങ്ങിയതെന്നതിന് വ്യക്തമായ തെളിവുകൾ ലഭിച്ചിട്ടില്ല. പ്രദേശത്ത് രാത്രികാലങ്ങളിൽ വെളിച്ചം അണക്കരുതെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ നാട്ടുകാർക്ക് നിർദേശം നൽകി. ശല്യം രൂക്ഷമാവുകയാണെങ്കിൽ നിരീക്ഷണ കാമറകൾ സ്ഥാപിക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
Comments