കോര്‍പറേഷന്‍ ലൈഫ് ഗുണഭോക്തൃ കുടുംബസംഗമവും അദാലത്തും നടത്തി

കോഴിക്കോട്: കോഴിക്കോട് മുനിസിപ്പല്‍ കോര്‍പറേഷന്‍ ലൈഫ് ഗുണഭോക്തൃ കുടുംബസംഗമവും അദാലത്തും എ.പ്രദീപ് കുമാര്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. പി.എം.എ.വൈ ആദ്യഗഡു വിതരണവും അദ്ദേഹം നിര്‍വഹിച്ചു. അര്‍ഹതപ്പെട്ടവര്‍ക്ക് ലൈഫ് പദ്ധതിയിലൂടെ ഇത്രയും വീടുകള്‍ ലഭ്യമാക്കാന്‍ സാധിച്ചത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ക്രിയാത്മക ഇടപെടലിലൂടെയാണെന്നു അര്‍ഹതയുണ്ടായിട്ടും വീടില്ലാത്തവരായി ആരും ഉണ്ടാവരുതെന്നും എം.എല്‍.എ പറഞ്ഞു.  ടാഗോര്‍ ഹാളില്‍ നടന്ന ചടങ്ങില്‍ ഡെപ്യൂട്ടി മേയര്‍ സി.പി മുസാഫിര്‍ അഹമ്മദ് അധ്യക്ഷത വഹിച്ചു.       സംസ്ഥാനത്ത് ഇതുവരെ 2.5 ലക്ഷം വീടുകള്‍ പൂര്‍ത്തീകരിച്ചതിന്റെ സംസ്ഥാനതല ഉദ്ഘാടനവും തദ്ദേശ സ്ഥാപനതല ഗുണഭോക്തൃ സംഗമവും മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു.

വീടില്ലാത്ത എല്ലാവരെയും ഗുണഭോക്താക്കളായി തെരഞ്ഞെടുക്കുന്നതിനും വാസയോഗ്യമല്ലാത്ത ഭവനങ്ങളെ വാസയോഗ്യമാക്കുന്നതിനും 2022 ഓടുകൂടി എല്ലാവര്‍ക്കും ഭവനം എന്നതിനും പി.എം.എ.വൈ (നഗരം) – ലൈഫ് പദ്ധതി ലക്ഷ്യമിടുന്നു.  കോഴിക്കോട് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ എട്ട് ഡി.പി.ആറുകളില്‍ ആയി 3189 ഗുണഭോക്താക്കളാണ് പദ്ധതിയിലേക്ക് തെരെഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. ഇതില്‍ 2692 ഗുണഭോക്താക്കള്‍ക്ക് ഒന്നാം ഗഡു തുക അനുവദിച്ച് ഭവന നിര്‍മ്മാണം ആരംഭിച്ചു. തറ നിര്‍മ്മാണം പൂര്‍ത്തികരിച്ച 2052 ഗുണഭോക്താക്കള്‍ക്ക് രണ്ടാം ഗഡുവും മേല്‍ക്കൂര നിര്‍മ്മാണം പൂര്‍ത്തീകരിച്ച 1909 ഗുണഭോക്താക്കള്‍ള്‍ക്ക് മൂന്നാം ഗഡുവും വിതരണം  ചെയ്തിട്ടുണ്ട്. പദ്ധതി തുക 127.06 കോടി രൂപയാണ്. ഇതില്‍ കേന്ദ സംസ്ഥാന വിഹിതമായി 28.35 കോടി രൂപയും  നഗരസഭ വിഹിതമായി 54.32 കോടി രൂപയുമാണ് വകയിരുത്തിയത്. കോര്‍പ്പറേഷനില്‍ ആകെ 79.78 കോടി രൂപ ഭവന നിര്‍മാണത്തിനായി തുക വിതരണം ചെയ്തിട്ടുണ്ട്. കോര്‍പറേഷന്‍ പരിധിയില്‍ പി.എം.എ.വൈ പ്രകാരം 1352 ഗുണഭോക്താക്കളാണ് ഭവന നിര്‍മ്മാണം പൂര്‍ത്തികരിച്ചത്.

കെ.എസ്.ഇ.ബി, വാട്ടര്‍ അതോറിറ്റി, കൃഷിവകുപ്പ്, പോലീസ്, റവന്യൂ വകുപ്പ്, സാമൂഹ്യ സുരക്ഷ പെന്‍ഷനുകള്‍, അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതി, കുടംബശ്രീ, സിവില്‍ സപ്ലെസ്, ഫിഷറീസ്, ബാങ്കിംഗ് സേവനങ്ങള്‍, ശുചിത്വ മിഷന്‍, ആരോഗ്യ വകുപ്പ്, ജനന മരണ രജിസ്ട്രേഷന്‍, എന്നീ വകുപ്പുകളുമായി ബന്ധപ്പെട്ട സേവനങ്ങള്‍ നല്‍കുന്നതിന് പ്രത്യേകം കൗണ്ടറുകളും കോവിഡ് ടെസ്റ്റ് കൗണ്ടറും  ചടങ്ങിനോടനുബന്ധിച്ച് ഒരുക്കിയിരുന്നു.

കോര്‍പറേഷന്‍ സെക്രട്ടറി ബിനു ഫ്രാന്‍സിസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സ്ഥിരം സമിതി  അംഗങ്ങളായ പി.സി. രാജന്‍, ഒ.പി ഷിജിന, പി ദിവാകരന്‍,  ഡോ. എസ് ജയശ്രീ, കൃഷ്ണകുമാരി, പി. കെ നാസര്‍, രേഖ.സി, അഡീഷണല്‍ സെക്രട്ടറി സജീവ് പി.കെ, കുടുംബശ്രീ പ്രൊജക്റ്റ് ഓഫീസര്‍ ടി. കെ പ്രകാശന്‍  തുടങ്ങിയവര്‍ പങ്കെടുത്തു.

Comments

COMMENTS

error: Content is protected !!