മുതിർന്ന പൗരന്മാർക്കുള്ള യാത്രാസൗജന്യം പുനഃസ്ഥാപിക്കില്ലന്ന് മന്ത്രി
ഇന്ത്യൻ റെയിൽവേ സ്വകാര്യവൽക്കരിക്കുന്നതിൻ്റെ മുന്നോടിയായി മുതിർന്ന പൗരന്മാർക്ക് അനുവദിച്ചിരുന്ന ട്രെയിൻ യാത്രാഇളവുകൾ റെയിൽവേ നിർത്തലാക്കുന്നതായി ആക്ഷേപം. മുതിർന്ന പൗരന്മാർക്ക് റെയിൽവേ അനുവദിച്ചിരുന്ന യാത്രാ സൗജന്യങ്ങൾ മറ്റ് ഇളവുകളൊടൊപ്പം കോവിഡ് അടച്ചുപൂട്ടൽ കാലത്താണ് നിർത്തലാക്കിയത്. കോവിഡ് പ്രൊട്ടോക്കോൾ പ്രകാരമുള്ള നിയന്ത്രണ ങ്ങൾ ഏറെക്കുറെ ഇതിനകം തന്നെ നീക്കം ചെയ്തിട്ടുണ്ട്. തീവണ്ടികളിലെല്ലാം യാത്രക്കാരുടെ എണ്ണവും നന്നായി വർദ്ധിച്ചു കഴിഞ്ഞു. എന്നിട്ടും മുതിർന്ന പൗരന്മാർക്കുൾപ്പെടെയുള്ള പല ആനുകൂല്ല്യങ്ങളും റെയിൽവേ പുനഃസ്ഥാപിച്ചിട്ടില്ല. പ്രായമായവർക്കുള്ള യാത്രാസൗജന്യം പുനഃസ്ഥാപിക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് കേന്ദ്രസർക്കാർ പാർലമെന്റിൽ എം പിമാരുടെ ചോദ്യങ്ങൾക്കുള്ള മറുപടിയായി അറിയിക്കുകയായിരുന്നു. കോവിഡ് സാഹചര്യങ്ങൾ മൂലം ടിക്കറ്റ് വരുമാനത്തിൽ വൻ കുറവു വന്നു. കൺസഷൻ നൽകുന്നത് കനത്ത ഭാരമാണ് റെയിൽവേക്ക് ഉണ്ടാക്കുന്നത് എന്നാണ് റെയിൽവെ മന്ത്രി പറഞ്ഞത്. അതുകൊണ്ട് മുതിർന്ന പൗരന്മാർ അടക്കം, നേരത്തെ ഇളവ് നൽകിവന്ന എല്ലാ വിഭാഗക്കാർക്കും വീണ്ടും പഴയ നിലയിൽ ഇളവ് അനുവദിക്കാൻ കഴിയില്ലെന്നും മന്ത്രി പറഞ്ഞു.
ഏഴു കോടിയോളം മുതിർന്ന പൗരന്മാർ കൺസഷൻ ഇല്ലാതെ കഴിഞ്ഞ രണ്ടു വർഷത്തിനിടയിൽ ട്രെയിനിൽ യാത്ര ചെയ്തിട്ടുണ്ട്. 2019-20 വർഷം 12 കോടി മുതിർന്ന പൗരന്മാർ കൺസഷൻ യാത്ര നടത്തിയതു വഴി 1,667 കോടി രൂപയുടെ വരുമാന നഷ്ടമുണ്ടായി. 2020 മാർച്ച് 20 മുതലാണ് മുതിർന്ന പൗരന്മാർക്കുള്ള സൗജന്യം നിർത്തിയത്. നാലു വിഭാഗം ഭിന്നശേഷിക്കാർ, 11 വിഭാഗം രോഗികൾ, വിദ്യാർഥികൾ എന്നിവർക്കു മാത്രമാണ് ഇപ്പോൾ കൺസഷൻ അനുവദിക്കുന്നത്. ഇവയും പടിപടിയായി നിർത്തലാക്കാനാണ് റെയിൽവേ മന്ത്രാലയം ആലോചിക്കുന്നത്.