KERALA

സില്‍വര്‍ ലൈനിന് അന്തിമാനുമതി നല്‍കുന്ന കാര്യം പരിഗണനയിലില്ലെന്ന് റെയില്‍വേ ബോര്‍ഡ്

 

സില്‍വര്‍ ലൈനിന് അന്തിമാനുമതി നല്‍കുന്ന കാര്യം പരിഗണനയിലില്ലെന്ന് റെയില്‍വേ ബോര്‍ഡ് അറിയിച്ചു.  റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ കൊടിക്കുന്നില്‍ സുരേഷ് എംപിയെ രേഖാമൂലം അറിയിച്ചതാണിത്. പദ്ധതിയുടെ സാങ്കേതിക-പ്രായോഗിക വിവരങ്ങള്‍ ഡിപിആറില്‍ ഇല്ലെന്ന് ബോര്‍ഡ് ചെയര്‍മാന്‍ വിനയ ത്രിപാഠി പറഞ്ഞു. വിശദ വിവരങ്ങള്‍ സമര്‍പ്പിക്കാന്‍ കേരളത്തിന് നിര്‍ദേശം നല്‍കിയെന്നും ബോര്‍ഡ് ചെയര്‍മാന്‍.

ഇതാദ്യമായാണ് കേന്ദ്ര റെയിൽ ബോർഡ് ചെയർമാൻ സിൽവർലൈൻ വിഷയത്തിൽ രേഖാമൂലം ഒരു എം.പിക്ക് വിശദീകരണം നൽകുന്നത്. കെ-റെയിൽ കോർപറേഷന് നൽകിയത് തത്വത്തിലുള്ള അനുമതിയാണ്. ഡി പി ആർ അവതരണം, ഇതിന്റെ സാമ്പത്തിക കാര്യങ്ങൾ ഉൾപ്പെടെയുള്ള എല്ലാ വിശദാംശങ്ങളും അറിയിക്കാനുള്ള അംഗീകാരം മാത്രമാണ് തത്വത്തിലുള്ള അനുമതി കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് ത്രിപാഠി വിശദീകരിക്കുന്നു.

സർവേയ്ക്കു ശേഷം കെ-റെയിൽ അധികൃതർ റെയിൽവേ വകുപ്പിന് ഡി പി ആർ സമർപ്പിച്ചിരുന്നു. ഡി പി ആറിലെ പിഴവാണ് ഇപ്പോൾ ചൂണ്ടിക്കാണിക്കപ്പെട്ടിരിക്കുന്നത്. പ്രാഥമിക അനുമതിയുടെ അടിസ്ഥാനത്തിൽ സമർപ്പിച്ച രേഖകൾ അപൂർണമാണ്. സാങ്കേതിക, പ്രായോഗിക വശങ്ങളെ സംബന്ധിച്ച മതിയായ വിവരങ്ങൾ ഡി പി ആറിലില്ല. അലൈൻമെന്റ് ഭൂമി, സ്വകാര്യ ഭൂമി, റെയിൽവേ ഭൂമി, നിലവിലെ റെയിൽവേ പാതയെ എവിടെയെല്ലാം ക്രോസ് ചെയ്യുന്നു, പദ്ധതി കാരണം ബാധിക്കപ്പെടുന്ന റെയിൽവേ വസ്തുക്കൾ ഉൾപ്പെടെയുള്ള വിവരങ്ങൾ സമർപ്പിക്കാനായിരുന്നു റെയിൽ ബോർഡ് ആവശ്യപ്പെട്ടത്. എന്നാൽ, വിശദമായ റിപ്പോർട്ട് സമർപ്പിക്കണമെന്ന് ആവശ്യപ്പെട്ടിട്ട് കെ-റെയിൽ അധികൃതർ ഇതുവരെ ചെയ്തിട്ടില്ലെന്നും വിനയ് ത്രിപാഠി ചൂണ്ടിക്കാട്ടുന്നു.

സില്‍വര്‍ ലൈന്‍ പദ്ധതി സംബന്ധിച്ച് ഇന്ന് നിലപാടറിയിക്കാന്‍ ഹൈക്കോടതി കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദേശിച്ചിരുന്നു. കെ റെയിലില്‍ കേന്ദ്രവും സംസ്ഥാനവും തുല്യ പങ്കാളികളാണ്. അതുകൊണ്ട് നിലപാട് വ്യക്തമാക്കാന്‍ കേന്ദ്ര സര്‍ക്കാരിന് ഉത്തരവാദിത്തമുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

സര്‍വേയും ഭൂമി ഏറ്റെടുക്കലും ചോദ്യം ചെയ്തുള്ള ഒരു കൂട്ടം ഹര്‍ജികള്‍ പരിഗണിക്കവെയാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ കേന്ദ്രത്തിന്റെ നിലപാട് തേടിയത്. പദ്ധതിക്ക് കേന്ദ്രം അനുകൂലമാണോ പ്രതികൂലമാണോ എന്നറിയണം. ഇക്കാര്യത്തില്‍ വ്യക്തയില്ല. ഡിപിആര്‍ പരിഗണനയിലാണ്, റെയില്‍വേ ഭൂമിയില്‍ സര്‍വ്വേക്ക് അനുമതി നല്‍കിയിട്ടില്ല എന്നീ കാര്യങ്ങള്‍ മാത്രമാണ് കേന്ദ്രം അറിയിച്ചിട്ടുള്ളതെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

സര്‍വേ മുന്‍കൂര്‍ നോട്ടീസോ, അറിയിപ്പോ പ്രസിദ്ധീകരിച്ചതിന് ശേഷമാണോ, സാമൂഹിക പഠനം നടത്താന്‍ അനുമതിയുണ്ടോ, സ്ഥാപിക്കുന്ന കല്ലുകള്‍ നിയമാനുസൃത വലുപ്പമുള്ളതാണോ, സില്‍വര്‍ലൈന്‍ പുതുച്ചേരിയിലുടെ കടന്നുപോകുന്നുണ്ടോ എന്നീ കാര്യങ്ങള്‍ വിശദീകരിക്കണമെന്ന് കോടതി ആവശ്യപ്പെട്ടിരുന്നു.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button