സംഗീതാചാര്യൻ മലബാർ സുകുമാരൻ ഭാഗവതർ സ്മാരക പുരസ്ക്കാരം വിശ്വപ്രസിദ്ധ കുച്ചുപുഡി കലാകാരിയായ ഗുരു രമാദേവിക്ക്
ചേമഞ്ചേരി: ശ്രുതി ശുദ്ധമായ കർണ്ണാടക സംഗീതത്തിലൂടെ നാടിന് വെളിച്ചം പകർന്ന സംഗീതാചാര്യൻ മലബാർ സുകുമാരൻ ഭാഗവതരുടെ സ്മരണക്കായി പൂക്കാട് കലാലയം ഏർപ്പെടുത്തിയ പുരസ്ക്കാരം ദക്ഷിണേന്ത്യൻ നൃത്ത കലാരൂപമായ കുച്ചുപ്പുഡിയെ ലോക ശ്രദ്ധയിൽ കൊണ്ടുവരുന്നതിൽ നിസ്തുലമായ സംഭാവനകൾ നൽകിയ കലാകാരി ഗുരു രമാദേവി (ഹൈദ്രബാദ്) ക്ക് സമർപ്പിക്കുമെന്ന് ജൂറി കമ്മറ്റി ഒരു പത്രക്കുറിപ്പിൽ അറിയിച്ചു. സുകുമാരൻ ഭാഗവതരുടെ ഓർമ്മദിനമായ ഏപ്രിൽ 22 ന് കലാലയം സർഗ്ഗവനിയിൽ വെച്ച് നടക്കുന്ന ചടങ്ങിൽ കേരള കലാമണ്ഡലം ഡീംഡ് യൂനിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ.ടി കെ നാരായണൻ ഉപഹാര സമർപ്പണം നടത്തും.
നാട്യാചാര്യൻ പി ജി ജനാർദ്ദനൻ വാടാനപ്പള്ളി, ഡോ ഭരതാഞ്ജലി മധുസൂദനൻ , യു കെ രാഘവൻ എന്നിവർ അടങ്ങുന്ന ജൂറിയാണ് പുരസ്ക്കാര ജേതാവിനെ തെരഞ്ഞെടുത്തത്. കേരള സംഗീത നാടക അക്കാദമി കലാശ്രീ പുരസ്ക്കാരം, തെലുങ്കു യൂനിവേഴ്സിറ്റിയുടെ കീർത്തി പുരസ്ക്കാരം, ഒഡീഷ സർക്കാറിന്റെ അഭിനവ ശാസ്ത്രീയ നൃത്ത കലാരത്ന സമ്മാൻ , തമിഴ് നാടിന്റെ നാട്യ കലൈചുദാർ പത്മഭൂഷൺ വെമ്പട്ടി ചിന്നസത്യ സ്മാരക അവാർഡ്, വൈശാലി നൃത്തോത്സവം നാട്യശ്രീ തുടങ്ങിയ നിരവധി പുരസ്ക്കാരങ്ങൾ രമാദേവിക്ക് ലഭിച്ചിട്ടുണ്ട്. അമേരിക്കയിലെ സിലിക്കോൺ യൂനിവേഴ്സിറ്റിയിൽ വിസിറ്റിംഗ് പ്രൊഫസ്സറായും ഇവർ ഇപ്പോൾ സേവനമനുഷ്ഠിക്കുന്നുണ്ട്. ഏറെ അഭിമാനകരമായ കാര്യം ഗുരു രമാദേവി നമ്മുടെ ജില്ലയിലെ ചേമഞ്ചേരി പടിഞ്ഞാറയിൽ കുടുംബാംഗമാണ് എന്നതാണ്.