കോൺഗ്രസിൽ നിന്ന് പുറത്താക്കിയതായിട്ടുള്ള അറിയിപ്പൊന്നും തനിക്ക് ലഭിച്ചിട്ടില്ലെന്ന് കെവി തോമസ്
കൊച്ചി: കോൺഗ്രസിൽ നിന്ന് പുറത്താക്കിയതായിട്ടുള്ള ഔദ്യോഗിക അറിയിപ്പൊന്നും തനിക്ക് ലഭിച്ചിട്ടില്ലെന്ന് കെവി തോമസ്. പാർട്ടിയിൽ നിന്ന് പുറത്താക്കാൻ ഒരു സംവിധാനമുണ്ട്. എ ഐ സി സിയാണ് അത് തീരുമാനിക്കേണ്ടത്. ഇപ്പോഴും താൻ എ ഐ സി സി, കെ പി സി സി മെമ്പറാണെന്നും അദ്ദേഹം പറഞ്ഞു. കെപിസിസി അധ്യക്ഷൻ നുണ പറയുകയാണെന്നുമാണ് പുറത്താക്കിയെന്ന കെ സുധാകരന്റെ പ്രസ്താവനയോട് കെവി തോമസിന്റെ പ്രതികരണം. കോൺഗ്രസ് സംസ്ക്കാരത്തിൽ നിന്നും മാറാൻ തനിക്ക് കഴിയില്ലെന്നും കോൺഗ്രസിന്റെ പ്രസക്തി നഷ്ടമായെന്ന് പറഞ്ഞ അദ്ദേഹം എൽ.ഡി.എഫിലേക്ക് പോകില്ലെന്നും കൂട്ടിച്ചർത്തു.
തൃക്കാക്കരയിൽ മുഖ്യമന്ത്രി പിണറായി വിജയനൊപ്പം കൺവെൻഷനിൽ പങ്കെടുത്ത് ഇടത് സ്ഥാനാർത്ഥിക്ക് വേണ്ടി പ്രചാരണം തുടങ്ങിയതിന് പിന്നാലെയാണ് നടപടി. ഇനി കാത്തിരിക്കാൻ കഴിയില്ലെന്നും തോമസിന് തൃക്കാക്കരയിൽ ഒരു ചുക്കും ചെയ്യാനാകില്ലെന്നുമാണ് നടപടി വിശദീകരിച്ച് കെപിസിസി അധ്യക്ഷൻ പറഞ്ഞത്.