CRIME

കാലടിയിൽ വീട്ടിൽ കവർച്ച; വീട്ടുകാർ ഉറങ്ങുമ്പോൾ 30 പവൻ സ്വർണവും 5 ലക്ഷം രൂപയും മോഷ്ടിച്ചു

എറണാകുളം: കാലടിക്കടുത്ത്  രാത്രിയിൽ വീട്ടുകാർ ഉറങ്ങി കിടക്കുമ്പോൾ 30 പവൻ സ്വർണവും അഞ്ച് ലക്ഷം രൂപയും മോഷ്ടിച്ചു. മേക്കാലടിയിൽ മുഹമ്മദ് ഷെരീഫിന്റെ വീട്ടിലാണ് മോഷണം നടന്നത്. രണ്ട് മുറികളിലെ അലമാരകളിൽ സൂക്ഷിച്ചിരുന്ന 30 പവൻ സ്വർണവും അഞ്ചു ലക്ഷം രൂപയുമാണ് മോഷ്ടാക്കൾ കവർന്നത്. രണ്ട് മുറികളിലും വീട്ടുകാർ ഉറങ്ങുന്ന സമയത്തായിരുന്നു മോഷണം. രാവിലെ എഴുന്നേറ്റ ഗൃഹനാഥൻ വീടിന്‍റെ മുൻവാതിൽ തുറന്ന് കിടക്കുന്നത് കണ്ട് സംശയം തോന്നി പരിശോധിച്ചപ്പോഴാണ് മോഷണ വിവരം അറിയുന്നത്. ഉടൻ പൊലീസിൽ വിവരം അറിയിച്ചു.

വീട് കുത്തിത്തുറന്നല്ല മോഷണം നടന്നത്. വീട്ടിലോ സമീപത്തോ സിസിടിവി ക്യാമറകൾ ഇല്ലാത്തത് പൊലീസിനെ കുഴക്കുന്നുണ്ട്. മോഷ്ടാവ് നേരത്തെ വീട്ടിൽ കയറി ഇരുന്ന് രാത്രി എല്ലാവരും ഉറങ്ങിയതിന് ശേഷം മോഷണം നടത്തിയതാകാം എന്നാണ് പ്രാഥമിക നിഗമനം. വീടിന്‍റെ ചുറ്റുമതിലിൽ ചാടി കടന്നതിന്‍റെ പാട് മാത്രമാണ് ആകെ ഉള്ള തെളിവ്.

മോഷ്ടാക്കളെ കുറിച്ച് ഇതുവരെയും വിവരമൊന്നും കിട്ടിയിട്ടില്ല. പ്രദേശത്തെ കുറിച്ചും വീടുകളെക്കുറിച്ചും വ്യക്തമായി അറിയാവുന്ന ആരെങ്കിലുമാകാം കവർച്ചകൾക്ക് പിന്നിലെന്നാണ് നിഗമനം.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button