100 ആദിവാസി യുവതി യുവാക്കളെ എക്സൈസ് സിവില്‍ ഓഫീസര്‍മായി നിയമിക്കുമെന്ന് മന്ത്രി എം വി ഗോവിന്ദന് മാസ്റ്റര്‍
സംസ്ഥാനത്തെ 100 ആദിവാസി യുവതി യുവാക്കളെ എക്സൈസ് സിവില്‍ ഓഫീസര്‍മായി സ്പെഷ്യൽ റിക്രൂട്ട്മെന്റിലൂടെ നിയമിക്കുമെന്ന് തദ്ദേശസ്വയംഭരണ ഗ്രാമവികസന എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന് മാസ്റ്റര്‍. എക്സൈസ് അക്കാദമിയില്‍ 180 പ്രവൃത്തി ദിവസത്തെ അടിസ്ഥാന പരിശീലനം പൂര്‍ത്തിയാക്കിയ എട്ടാമത് ബാച്ച്, 126 വനിതാ സിവില്‍ എക്സൈസ് ഓഫീസര്‍മാരുടെയും 25ാമത്തെ ബാച്ചിലെ 7 സിവില്‍ എക്സൈസ് ഓഫീസര്‍മാരുടെയും പാസിങ് ഔട്ട് പരേഡ് എക്സൈസ് അക്കാദമി പരേഡ് ഗ്രൗണ്ടില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
സംസ്ഥാനത്ത് നിയമവിരുദ്ധമായ ലഹരിവസ്തുക്കളുടെ ഒഴുക്ക് വര്‍ദ്ധിച്ചു വരികയാണെന്നും യുവജനതയെ ഉള്‍പ്പെടെ ബാധിക്കുന്ന പ്രശ്നമായി ഇവ മാറിയിരിക്കുന്നതായും മന്ത്രി പറഞ്ഞു.കേരളത്തിലെ ശ്രദ്ധിക്കപ്പെടുന്ന വകുപ്പുകളില്‍ ഒന്നായി എക്സൈസ് മാറിക്കഴിഞ്ഞു. ഉന്നത വിദ്യാഭ്യാസം നേടിയവരാണ് എക്സൈസ് സിവില്‍ ഓഫീസര്‍മാരായി പുറത്തിറങ്ങുന്നതെന്നും അതിനാല്‍ അവര്‍ക്ക് എക്സൈസ് വകുപ്പിനെ നവീകരിക്കാനുള്ള കഴിവും ശേഷിയുമുണ്ടെന്നും മന്ത്രി പറഞ്ഞു.