സൗദിയിൽ നിന്നുള്ള ഈ വർഷത്തെ തീർത്ഥാടകർക്ക് ഹജ്ജ് റിസർവേഷന് അടുത്ത ആഴ്ച മുതൽ ആരംഭിക്കും
ജിദ്ദ: സൗദിയിൽ നിന്നുള്ള ഈ വർഷത്തെ തീർത്ഥാടകർക്ക് ഹജ്ജ് റിസർവേഷന് അടുത്ത ആഴ്ച മുതൽ ആരംഭിക്കും. ആഭ്യന്തര ഹജ്ജ് കോർഡിനേഷൻ കൗൺസിൽ ചുമതലയുള്ള ഡയറക്ടർ ബോർഡ് ചെയർമാൻ സഈദ് അൽ ജുഹാനിയാണ് ഇക്കാര്യം അറിയിച്ചത്. ഈ വർഷം സ്വദേശികളും വിദേശികളുമായി ഒന്നര ലക്ഷം ആഭ്യന്തര തീർത്ഥാടകർക്കാണ് ഹജ്ജിന് അവസരമുണ്ടാവുക.
മിനയിലെ ഹജ്ജ് ടവറുകൾ ഉൾപ്പെടുന്ന ആഭ്യന്തര തീർത്ഥാടന കമ്പനികൾ പ്രത്യേക പാക്കേജാണ് ഒരുക്കിയിരിക്കുന്നത്. ഈ വർഷം ഹോട്ടൽ മുറികൾക്ക് സമാനമായി ഇതാദ്യമായി നവീകരിച്ച ടെന്റുകളുൾപ്പെടുന്ന ‘ഹോസ്പിറ്റാലിറ്റി ഒന്ന്, രണ്ട് എന്നിങ്ങനെ മറ്റു പാക്കേജുകളുമുണ്ടായിരിക്കും.
ഹജ്ജ്, ഉംറ മന്ത്രാലയം അംഗീകരിച്ച പാക്കേജുകൾക്കനുസൃതമായി തീർത്ഥാടകർക്ക് ടെന്റിനകത്ത് ഭക്ഷണം വിതരണം ചെയ്യും. ഇതിനായി കഴിഞ്ഞ വർഷങ്ങളിൽ സ്വീകരിച്ചിരുന്ന അതേ രീതി തന്നെയായിരിക്കും പിന്തുടരുകയെന്നും സഈദ് അൽ ജുഹാനി അറിയിച്ചു.