അകലാപ്പുഴയിൽ സ്ഥായിയായ ടൂറിസം വികസനത്തിന് ആസൂത്രണ നടപടികൾ സ്വീകരിക്കണം: എ ഐ വൈ എഫ്
കൊയിലാണ്ടി: ടൂറിസം ഭൂപടത്തിൽ ഏറെ ശ്രദ്ധ നേടിക്കഴിഞ്ഞ അകലാപ്പുഴ കായലിൽ നടന്നു കൊണ്ടിരിക്കുന്ന നിർമാണപ്രവർത്തികൾ, സ്ഥായിയായി നിലനിൽക്കുന്നതോ ആസൂത്രിത മികവ് പുലർത്തുന്നതോ അല്ലെന്ന് എ ഐ വൈ എഫ് ആരോപിച്ചു. കായലിൻ്റെ സൗന്ദര്യമാണ് ജനങ്ങളെ ഇവിടുത്തേക്ക് ആകർഷിക്കുന്നത്. അകലാപ്പുഴയിൽ മത്സ്യസമ്പത്തിൻ്റെ പ്രജനന സ്ഥലമായ കായലോരങ്ങളിലെ തണ്ണീർത്തടങ്ങളും കണ്ടൽക്കാടുകളും കായലോരവും നികത്തിയുള്ള നിർമ്മാണ പ്രവർത്തികൾ വിനാശകരമാണ്. പുഴയുടെ സൗന്ദര്യം നശിപ്പിക്കുന്നതോടൊപ്പം പുഴയിലെ മത്സ്യസമ്പത്തിൻ്റെ നാശത്തിന്കൂടി ഇത് ഇടയാക്കും. ഇത് ഇവിടത്തെ ഭാവി ടൂറിസം വികസനം തകർക്കും. അതോടൊപ്പം പുഴയിലെ മത്സ്യസമ്പത്തിനെ ആശ്രയിച്ച് കഴിയുന്ന മത്സ്യതൊഴിലാളികളുടെ തൊഴിലിൻ്റെ നാശത്തിനും ഇടയാക്കും.
നിയന്ത്രണമില്ലാതെ പ്ലാസ്റ്റിക് കുപ്പികൾ ഉൾപ്പെടെയുള്ള മാലിന്യങ്ങൾ പുഴയിലും പ്രദേശങ്ങളിലും വലിച്ചെറിയുന്നത് ജീവിതം ദുരിതപൂർണമാക്കുന്നുണ്ട്. അകലാപ്പുഴ ടൂറിസം പരിപോഷിപ്പിക്കുന്നതിന് ആസൂത്രിതവും നിയന്ത്രിതവുമായ വികസനപദ്ധതികൾ നടപ്പിലാക്കേണ്ടതുണ്ട്. പുഴയോരത്തെ കയ്യേറ്റം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് തിക്കോടി, തുറയൂർ വില്ലേജ് ഓഫീസർമാർക്ക് എ ഐ വൈ എഫ് പരാതി നൽകിയിട്ടുണ്ട്. കൊയിലാണ്ടി മണ്ഡലം സെക്രട്ടറി എ ടി വിനീഷ്, പ്രസിഡണ്ട് സുമേഷ് ഭഗത്, ജില്ലാ എക്സികുട്ടീവ് അംഗം ബി ദർശിത്, എം കെ രൂപേഷ്, പി ടി സനൂപ് എന്നിവർ സ്ഥലം സന്ദർശിച്ചു.