LOCAL NEWS

കായണ്ണയിലെ ആള്‍ ദൈവം വീണ്ടും രംഗത്തെത്തിയതോടെ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്ത്

പേരാമ്പ്ര: കായണ്ണയിലെ ആള്‍ ദൈവം വീണ്ടും രംഗത്തെത്തിയതോടെ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്ത്. മാസങ്ങൾക്ക് മുമ്പ് ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം റിമാൻഡിലായതിനു ശേഷം ഇയാളുടെ ചാരുപറമ്പിലെ ക്ഷേത്രത്തിൽ ആളുകൾ വരുന്നത് നിലച്ചിരുന്നു.

എന്നാൽ, ഇപ്പോൾ പൂജയും മന്ത്രവുമെല്ലാമായി വീണ്ടും വിശ്വാസികളെ ചൂഷണം ചെയ്യാൻ ആരംഭിച്ചതോടെയാണ് നാട്ടുകാർ ആക്ഷൻ കമ്മിറ്റി ഉണ്ടാക്കി പ്രതിഷേധം സംഘടിപ്പിച്ചത്. വിശ്വാസത്തിന്റെ പേരില്‍ ആളുകളെ സാമ്പത്തികമായും ശാരീരികമായും ചൂഷണം ചെയ്യുകയാണെന്ന് ആക്ഷന്‍ കമ്മിറ്റി ചൂണ്ടിക്കാട്ടി. കാക്കൂര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിന്റെ ഭാഗമായി ആൾ ദൈവം ചാരുപറമ്പിൽ രവി റിമാൻഡിലായത്. കഴിഞ്ഞ ദിവസം ആക്ഷന്‍ കമ്മിറ്റി സ്ഥാപിച്ച ബോര്‍ഡുകളും രാഷ്ട്രീയ പാര്‍ട്ടികളുടെ പതാകകളും ഇവിടെ നശിപ്പിച്ച സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്.

നാട്ടുകാര്‍ക്കെതിരെ ഇയാളുടെ ആളുകള്‍ ഭീഷണി മുഴക്കിയതായും പരാതി ഉണ്ട്. ആക്ഷന്‍ കമ്മിറ്റിയുടെയും നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി. കായണ്ണ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.കെ. ശശി പൊതുയോഗം ഉദ്ഘാടനം ചെയ്തു. ആക്ഷന്‍ കമ്മിറ്റി പ്രസിഡന്റ് സി.ടി. ഷിബു അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്തംഗം ജയപ്രകാശ് കായണ്ണ, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ ബാലകൃഷ്ണന്‍ മണികുലുക്കി, എം. ചോയി, കെ.പി. സത്യന്‍, എന്‍.പി. ഗോപി, എ.സി. ബാലന്‍ എന്നിവര്‍ സംസാരിച്ചു.

ആക്ഷന്‍ കമ്മിറ്റി അംഗം എ.സി. ബാലന്‍ സ്വാഗതവും ആക്ഷന്‍ കമ്മിറ്റി കണ്‍വീനര്‍ കെ. ബാബു നന്ദിയും പറഞ്ഞു. പ്രതിഷേധ പ്രകടനത്തിന് എ.സി. സതി, എം. ഋഷികേശന്‍, ജോസഫ് പൂഞ്ഞേട്ടില്‍, എന്‍. പത്മജ, ടി.കെ. രവി, കെ. രമേശന്‍, ശിവരാമന്‍, എ. സി. ശ്രീധരന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button