CRIME

നാദാപുരത്ത് പെൺകുട്ടിയെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ പ്രതി റഫ്നാസിനെതിരെ വധശ്രമത്തിന് പോലീസ് കേസ് എടുത്തു

കോഴിക്കോട്: നാദാപുരത്ത് പെൺകുട്ടിയെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ പ്രതി റഫ്നാസിനെതിരെ (22) വധശ്രമത്തിന് പോലീസ് കേസെടുത്തു. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന പ്രതിയുടെ വിശദമായ മൊഴി ഇന്ന് രേഖപ്പെടുത്തും.

ഇന്നലെയായിരുന്നു കോളേജിൽനിന്ന് വീട്ടിലേക്കു മടങ്ങുകയായിരുന്ന വിദ്യാർഥിനിയെ കൊടുവാൾകൊണ്ട് വെട്ടിവീഴ്ത്തിയശേഷം റഫ്നാസ് കൈഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. കല്ലാച്ചി ഹൈടെക്‌ ആർട്സ് ആൻഡ് സയൻസ് കോളേജ് മൂന്നാംവർഷ ബി.കോം. വിദ്യാർഥിനി നാദാപുരം പേരോട് തട്ടിൽ നഹീമയ്ക്കാണ്‌ (19) വെട്ടേറ്റത്. ഗുരുതരമായി പരിക്കേറ്റ വിദ്യാർത്ഥി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്ററിൽ തുടരുന്നു. തലയ്ക്കും നെഞ്ചിലും വെട്ടേറ്റുണ്ടായ മുറിവ് ആഴത്തിലുള്ളതെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. ആന്തരിക രക്തസ്രാവവും ഉണ്ട്. ഇന്ന് ശസ്ത്രക്രിയകൾ ചെയ്യുമെന്ന് ഡോക്ടർമാർ അറിയിച്ചു. 
പ്രണയാഭ്യർഥന നിരസിച്ചതിന്റെ പകയാണ് ആക്രമണത്തിന് കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഇയാളുടെ ബൈക്കിൽനിന്ന് ഒരുകുപ്പി പെട്രോളും വെട്ടാനുപയോഗിച്ച കൊടുവാളും പോലീസ് കസ്റ്റഡിയിലെടുത്തു.

വ്യാഴാഴ്ച രണ്ടുമണിയോടെ പേരോട്-പാറക്കടവ് റോഡരികിലാണ് സംഭവം. ക്ലാസ് കഴിഞ്ഞ് ഒരുമണിക്കാണ് നഈമ കോളേജിൽ നിന്നിറങ്ങിയത്. പെൺകുട്ടിയുടെ വീടിനടുത്ത് പേരോട് മരമില്ല് പരിസരത്തെ വഴിയരികിൽ കാത്തുനിൽക്കുകയായിരുന്ന റഫ്‌നാസ് കൊടുവാളുമായി ചാടിവീണു. തലയ്ക്കും നെറ്റിയിലും പുറത്തുമാണ് വെട്ടേറ്റത്. പെൺകുട്ടി ഓടിരക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പിറകിൽനിന്ന് വെട്ടിവീഴ്ത്തി. ഇതുവഴി കാറിൽ വന്ന പാറക്കടവ് സ്വദേശി ചാമാളി ഹാരിസും സംഘവും റഫ്‌നാസിനെ തടയാൻ ശ്രമിച്ചെങ്കിലും ഇവർക്കുനേരെയും കൊടുവാൾ വീശി. ഒഴിഞ്ഞുമാറിയതിനാൽ പരിക്കേറ്റില്ല. ഇതിനിടയിലാണ് യുവാവ് കൊടുവാൾകൊണ്ട് തന്റെ ഇടതുകൈക്ക് വെട്ടിയത്.

കല്ലാച്ചിയിലെ ഒരു കടയിൽ ജീവനക്കാരനാണ് റഫ്‌നാസ്. ഇപ്പോൾ മാതാവിന്റെ കല്ലാച്ചിയിലെ വീട്ടിലാണ് താമസം.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button