മേപ്പയ്യൂരിൽ എസ് എസ് എൽ സി വിജയാഘോഷ റാലി നടത്തി
മേപ്പയ്യൂർ: എസ് എസ് എൽ സി പരീക്ഷയിൽ സംസ്ഥാനത്ത് തിളക്കമാർന്ന വിജയം നേടിയ മേപ്പയ്യൂർ ജി വി എച്ച് എസ്സ് എസ്സിലെ വിദ്യാർഥികളെ പി ടി എയും നാട്ടുകാരും ചേർന്ന് അനുമോദിച്ചു. മേപ്പയ്യൂർ ടൗണിൽ വിജയാരവം മുഴക്കി വിദ്യാർഥികൾ റാലി നടത്തി.
ജില്ലയിൽ മുഴുവൻ വിഷയങ്ങളിൽ എ പ്ലസ് നേടിയ സർക്കാർ സ്കൂളുകളിൽ മേപ്പയൂർ ജി വി എച്ച് എസ്സ് എസ്സാണ് ഒന്നാം സ്ഥാനം നേടിയത്. പരീക്ഷയെഴുതിയവരിൽ 129 പേർ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയാണ് ജില്ലയിൽ ഒന്നാം സ്ഥാനത്തെത്തിയത്. പരീക്ഷയെഴുതിയ 745 പേരിൽ 743 പേരും ഉപരിപഠനത്തിന് അർഹത നേടി. 60 കുട്ടികൾക്ക് ഒമ്പത് എ പ്ലസ് ലഭിച്ചു.
വിദ്യാലയത്തിൽ നടന്ന ചിട്ടയായ പഠനപദ്ധതികളാണ് മികച്ച വിജയത്തിന് പിന്നിലെന്ന് വിദ്യാർത്ഥികൾ പറഞ്ഞു. തുടർച്ചയായി നടന്ന കൗൺസലിങ് , മോട്ടിവേഷൻ ക്ലാസുകൾ, യൂണിറ്റ് പരീക്ഷകൾ, മോഡൽ പരീക്ഷകൾ, വിദഗ്ധ അധ്യാപകരുടെ അതിഥി ക്ലാസുകൾ, പ്രത്യേക പഠനക്യാമ്പുകൾ, പി ടി എ യുടെ തദ്ദേശ സർക്കാറുകളുടെയും മികച്ച പിന്തുണയും ഈ വിജയത്തിന് മാറ്റുകൂട്ടി.
തിളക്കമാർന്ന വിജയം നേടിയ വിദ്യാർഥികളെ പി ടി എയും നാട്ടുകാരും അനുമോദിച്ചു. പി ടി എ പ്രസിഡന്റ് കെ രാജീവൻ ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ കെ നിഷിദ് അധ്യക്ഷനായിരുന്നു. പ്രിൻസിപ്പൽ ഡോ. സെഡ് എ അൻവർ ഷമീം, എം എം ബാബു, പി ടി എ അംഗങ്ങളായ മുജീബ് കോമത്ത്, ഇ കെ ഗോപി , യു ബിജു, സന്തോഷ് സാദരം, ദിനേശ് പാഞ്ചേരി, എൻ വി നാരായണൻ എന്നിവർ സംസാരിച്ചു.