LOCAL NEWS

കൊയിലാണ്ടി ഗവ. പ്രീ പ്രൈമറി സ്‌കൂളിന്റെ ചോര്‍ച്ച ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനാവശ്യമായ നടപടികള്‍ അടിയന്തരമായി സ്വീകരിക്കണം; ബാലാവകാശ സംരക്ഷണ കമ്മീഷന്‍

കൊയിലാണ്ടി ഗവ. പ്രീ പ്രൈമറി സ്‌കൂളിന്റെ ചോര്‍ച്ച ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനാവശ്യമായ നടപടികള്‍ അടിയന്തരമായി സ്വീകരിക്കണമെന്ന് കൊയിലാണ്ടി നഗരസഭാ അധികൃതരോട് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷന്‍ ചെയര്‍പേഴ്സൺ നിര്‍ദേശിച്ചു. കെട്ടിടം കാലപ്പഴക്കത്താല്‍ ജീര്‍ണ്ണാവസ്ഥയിലാണെന്നും കെട്ടിടത്തിന്റെ അവസ്ഥ അടിയന്തിരമായി മെച്ചപ്പെടുത്തണമെന്നും കമ്മിഷന്‍ ആവശ്യപ്പെട്ടു. സ്കൂൾ കെട്ടിടത്തിന്റെ ഫിറ്റ്നെസ് പരിശോധിച്ച് എത്രയും പെട്ടെന്ന് റിപ്പോര്‍ട്ട് നല്‍കാനും നഗരസഭാ എൻജിനീയറിംഗ് വിഭാഗത്തെ  ചുമതലപ്പെടുത്തി.

കൊയിലാണ്ടി ഗവ. പ്രീ പ്രൈമറി സ്‌കൂളിന്റെ ശോചനീയാവസ്ഥ പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷന്‍ നടത്തിയ സിറ്റിങിലാണ് നിർദേശങ്ങൾ നൽകിയത്. 1963 ല്‍ പ്രവര്‍ത്തമാരംഭിച്ച സ്‌കൂള്‍ കെട്ടിടം ശോചനീയാവസ്ഥയിലാണെന്ന് കാണിച്ച് പി.ടി.എ കമ്മിറ്റി നല്‍കിയ പരാതിയിലാണ് നടപടി. സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷന്‍ ചെയര്‍പേഴ്സൺ കെ.വി. മനോജ് കുമാര്‍ അധ്യക്ഷത വഹിച്ച സിറ്റിങില്‍ കോഴിക്കോട് ജില്ലയുടെ ചുമതലയുള്ള കമ്മിഷൻ അംഗം അഡ്വ. ബബിത ബൽരാജ് സന്നിഹിതയായിരുന്നു.

അടിയന്തര പ്രാധാന്യമുള്ള പ്രശ്‌നങ്ങള്‍ ഉടന്‍ പരിഹരിക്കുമെന്നും സ്‌കൂള്‍ കെട്ടിടത്തിന്റെ നവീകരണത്തിന് പണം അനുവദിക്കാന്‍ തീരുമാനിച്ചതായും നഗരസഭാ അധികൃതര്‍ അറിയിച്ചു.

സ്‌കൂളില്‍ നടന്ന സിറ്റിങിൽ പ്രൊട്ടക്ഷന്‍ ഓഫീസര്‍ എൻ.ഐ.സി പാര്‍വതി ബായ്, നഗരസഭാ ചെയര്‍പേഴ്‌സണ്‍ സുധ കിഴക്കെപ്പാട്ട്, വൈസ് ചെയര്‍മാന്‍ കെ. സത്യന്‍, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ സി. പ്രജില, നഗരസഭാ സെക്രട്ടറി സുരേഷ്, എ.ഇ.ഒ പി.പി. സുധ, എസ്.എസ്.കെ കണ്‍വീനര്‍ യൂസഫ് നടുവണ്ണൂര്‍, ഹെഡ്മിസ്ട്രസ് സന്ധ്യ, കൊയിലാണ്ടി ഗേള്‍സ് സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ഗീത, പ്രിന്‍സിപ്പല്‍ പ്രബീത്, പി.ടി.എ ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button