KERALA
പി എസ് സി പരീക്ഷയിൽ തട്ടിപ്പ് നടത്തിയെന്ന് സമ്മതിച്ച് ശിവരഞ്ജിത്തും നസീമും
തിരുവനന്തപുരം: പി എസ് സി പരീക്ഷയിൽ തട്ടിപ്പ് നടത്തിയെന്ന് സമ്മതിച്ച് ശിവരഞ്ജിത്തും നസീമും. കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തോടാണ് പ്രതികൾ കുറ്റം സമ്മതിച്ചത്. എന്നാൽ ചോദ്യപേപ്പർ ചോർത്തിയത് സംബന്ധിച്ച മൊഴികളിൽ വൈരുദ്ധ്യമുണ്ട്.ആദ്യഘട്ട ചോദ്യം ചെയ്യലിൽ പരീക്ഷ ക്രമക്കേട് നടത്തിയിട്ടില്ലെന്ന് പറഞ്ഞ പ്രതികൾ ഒടുവിൽ കുറ്റം സമ്മതിക്കുകയായിരുന്നു. പരീക്ഷയിലെ ചില ചോദ്യങ്ങൾ ചോദിച്ച് പഠിച്ച് പരീക്ഷ എഴുതിയതാണെന്ന പ്രതികളുടെ വാദമാണ് ആദ്യം പൊളിഞ്ഞത്. അടുത്തിരുന്നവരിൽ നിന്ന് കോപ്പിയടിച്ചെന്നായിരുന്നു പിന്നീടുള്ള വാദം. തൊട്ടടുത്തവരാരും റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടില്ലെന്ന് തെളിവ് സഹിതം വ്യക്തമാക്കിയതോടെ പ്രതികൾ കുറ്റം സമ്മതിക്കുകയായിരുന്നു.
എന്നാൽ ചോദ്യപ്പേപ്പർ ചോർന്നത് സംബന്ധിച്ച പ്രതികളുടെ മൊഴികളിൽ വൈരുദ്ധ്യമുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഉത്തരങ്ങൾ എസ് എം എസായാണ് ലഭിച്ചതെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. പ്രതികളുടെ മൊഴികൾ കൂടുതൽ വിശദമായി പരിശോധിക്കും. ഉത്തരമയക്കാനായി പ്രതികള്‍ ഉപയോഗിച്ച മൊബൈൽ ഫോണുകള്‍ കണ്ടെത്താനാണ് അന്വേഷണ സംഘത്തിന്റെ അടുത്ത നീക്കം. മാത്രമല്ല കേസിലെ പ്രധാന പ്രതികളായ എസ്എപി ക്യാമ്പിലെ പൊലീസുകാരൻ ഗോകുൽ, പ്രണവ്, സഫീർ എന്നിവരെ പിടികൂടുകയും വേണം. പിഎസ്സി വിജിലൻസാണ് പരീക്ഷ ക്രമക്കേട് ആദ്യം കണ്ടെത്തിയത്. തുടർന്ന് ശിവരഞ്ജിത്ത്, പ്രണവ്, നസീം, സഫീർ, ഗോകുൽ എന്നിവരെ പ്രതിയാക്കി ഈ മാസം എട്ടിന് ക്രൈം ബ്രാഞ്ച് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.
Comments