ബിവറേജസ് കോര്‍പ്പറേഷന്‍ 17 പുതിയ മദ്യ ബ്രാൻഡുകൾ അവതരിപ്പിക്കാനൊരുങ്ങുന്നു

ബിവറേജസ് കോര്‍പ്പറേഷന്‍ 17 പുതിയ മദ്യ ബ്രാൻഡുകൾ അവതരിപ്പിക്കാനൊരുങ്ങുന്നു. ഇതിനായുള്ള ടെന്‍ഡർ നടപടികള്‍ പുരോഗമിക്കുന്നതായാണ് വിവരം. സാധാരണക്കാരന് താങ്ങുന്ന കുറഞ്ഞ വിലയുള്ള മദ്യം മുതല്‍ പ്രീമിയം ബ്രാന്‍ഡുവരെയുള്ള എത്തിക്കാനാണ് കോര്‍പ്പറേഷന്‍ ലക്ഷ്യമിടുന്നത്. മദ്യവിതരണത്തിനായി122 കമ്പനികളെയാണ് ആകെ ക്വാട്ട് ചെയ്തിരുന്നത്. ഇതില്‍ 17 കമ്പനികള്‍ പുതുതായി റജിസ്റ്റര്‍ ചെയ്തവയാണ്. ധനകാര്യവകുപ്പിന്‍റെ അനുവാദത്തോടെയാണ് നടപടികള്‍ മുന്നോട്ട് പോകുന്നത്. 2021 22 വര്‍ഷത്തില്‍ 14,576 കോടിയും, ഈ സാമ്പത്തിക വര്‍ഷത്തില്‍ ഇതുവരെ 13,908 കോടിയുമാണ് ബിവറേജസ് കോര്‍പ്പറേഷന്റെ വരുമാനം. അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ മദ്യ വില്‍പ്പന ഇരട്ടിയാക്കാനാണ് ലക്ഷ്യമിടുന്നത്.

ബിവറേജസ് കോര്‍പ്പറേഷന്‍ അംഗീകരിച്ച 105 കമ്പനികളില്‍ 85 എണ്ണവും കേരളത്തിന് പുറത്തു നിന്നുള്ളവയാണ്. ആന്ധ്ര, കര്‍ണാടക, തെലങ്കാന എന്നീ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള ബ്രാന്‍ഡുകളാണ് കൂടുതലായും മദ്യവിതരണത്തിന് താല്‍പര്യം കാണിക്കുന്നത്. കമ്പനികളുമായി ഇതുവരെ അന്തിമധാരണയില്‍ എത്തിയിട്ടില്ല.

സര്‍ക്കാറിന്റെ ലഹരി വിരുദ്ധ ക്യാമ്പയിന്‍ തകൃതിയായി മുന്നോട്ടു പോകുമ്പോഴും കേരളത്തിലേക്ക് പുതിയ മദ്യ ബ്രാന്‍ഡുകള്‍ എത്തിച്ചു വരുമാനം വര്‍ദ്ധിപ്പിക്കാനുള്ള നടപടികളുമായാണ് കോര്‍പ്പറേഷന്‍ മുന്നോട്ട് പോകുന്നത്. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഘട്ടത്തില്‍ പുതിയ മദ്യ ബ്രാന്‍ഡുകള്‍ അവതരിപ്പിച്ച് വരുമാനം വര്‍ധിപ്പിക്കുന്നതിനൊപ്പം നികുതി വരുമാനവും സർക്കാർ ലക്ഷ്യമിടുന്നു. നിലവില്‍ സംസ്ഥാനത്ത് 200 ശതമാനത്തില്‍ അധികമാണ് മദ്യ നികുതി.
Comments
error: Content is protected !!