അഗ്നിപഥ് യുവാക്കളെ അപര വിദ്വേഷത്തിൻ്റെ ഉപകരണങ്ങളാക്കും- ഡോ. എസ് പി ഉദയകുമാർ
എടച്ചേരി: ഹിറ്റ്ലറുടെ ജർമ്മനിയിലും മുസ്സോളിനിയുടെ ഇറ്റലിയിലും നടന്ന കാര്യങ്ങളുമായി അത്ഭുതകരമായ സാമ്യമാണ് സമകാലിക ഇന്ത്യയിലെ പലവിധ പരിഷ്കാരങ്ങൾക്കുമുള്ളതെന്ന് കൂടംകുളം സമരനായകനും പ്രമുഖ സാമൂഹ്യപ്രവർത്തകനുമായ ഡോ. എസ് പി ഉദയകുമാർ. അതിന്റെ ഉദാഹരണമാണ് പുതിയ സൈനിക റിക്രൂട്ട്മെന്റ് പരിപാടിയായ അഗ്നിപഥ്. അക്കാദമിക് പഠന രംഗത്തോ, തൊഴിൽ മേഖലയിലോ ശ്രദ്ധിക്കേണ്ട നല്ല പ്രായത്തിൽ അത് നിഷേധിച്ച് സൈനിക പരിശീലനം നൽകി പേരിന് കാശ് നൽകി പെൻഷനോ മറ്റ് ആനുകൂല്യങ്ങളോ നൽകാതെ നാട്ടിലിറക്കി വിടുന്ന ചെറുപ്പക്കാർ അവരുടെ ദാരിദ്ര്യത്തിന്റെയും ജീവിത പ്രാരാബ്ധത്തിന്റെയും ഫലമായി സംഘപരിവാർ ശക്തികളുടെ ആശയങ്ങൾക്കനുസരിച്ച് അപരവിദ്വേഷത്തിന്റെ ആയുധങ്ങളുമായി മുസ്ലീങ്ങളെയും ദലിതുകളേയും സ്ത്രീകളെയും വേട്ടയാടാൻ പോവുന്ന ഭാവിയിലേക്കാണ് ഭാവനാരഹിതരായ ഭരണാധികാരികൾ നമ്മെ തളളിവിടാൻ പോവുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കടുത്ത ദാരിദ്ര്യവും തൊഴിലില്ലായ്മയും ആരോഗ്യ പ്രശ്നങ്ങളും നേരിടുന്ന ഒരു ജനതയോട് ക്ഷേത്രങ്ങൾ നിർമ്മിക്കലും, ഇതര മതസ്ഥരെ ഇല്ലായ്മ ചെയ്യലുമാണ് അടിയന്തിര കർത്തവ്യമെന്ന് പറഞ്ഞു നടക്കുന്നവരാണ് നാട് ഭരിക്കുന്നത്. ചരിത്രം ലളിതവൽക്കരിച്ച് അയോധ്യയിലേക്കും, ബാബറി മസ്ജിദിലേക്കും രാമക്ഷേത്രത്തിലേക്കും ചുരുക്കുന്നു. വൈവിധ്യങ്ങളുടെ ഐക്യത്തെ ഹിന്ദുത്വമെന്ന ഏകതയിലേക്ക് ചുരുക്കുന്നു. യൂനിറ്റിയിൽ നിന്ന് യൂനിഫോമിമിറ്റിയിലേക്ക് നയിക്കാൻ ശ്രമിക്കുകയാണിവർ.
എടച്ചേരി കമ്മ്യൂണിറ്റി ഹാളിൽ നടന്ന കെ എസ് ബിമൽ സ്മരണ, ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അഡ്വ. എം സിജു അധ്യക്ഷനായിരുന്നു. ഡോ. കെ എം ഭരതൻ ബിമൽ അനുസ്മരണ പ്രഭാഷണം നടത്തി. സ്ത്രീ വിമോചക പ്രവർത്തക കെ അജിത, പി കെ പ്രിയേഷ് കുമാർ, വി കെ പ്രജീഷ് എന്നിവർ സംസാരിച്ചു. ഇടശ്ശേരി പുരസ്കാരം നേടിയ കവി ശിവദാസ് പുറമേരിയെ ആദരിച്ചു. നടുക്കുനി കേളപ്പൻ ഉപഹാരം നൽകി. വിദ്യാർത്ഥികൾക്കുള്ള രചനാ മത്സരങ്ങളിൽ വിജയികളായവർക്ക് കെ അജിത, എസ് പി ഉദയകുമാർ, ശിവദാസ് പുറമേരി എന്നിവർ ഉപഹാരങ്ങൾ വിതരണം ചെയ്തു.