കനത്ത മഴയിൽ 10 വീടുകൾ ഭാഗികമായി തകർന്നു
ശക്തമായ കാറ്റിലും മഴയിലും ജില്ലയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 10 വീടുകൾ ഭാഗികമായി തകർന്നു. വടകര താലൂക്കിലെ ഒരു വീടിനും കൊയിലാണ്ടി താലൂക്കിലെ ഒമ്പത് വീടുകൾക്കുമാണ് നാശനഷ്ടമുണ്ടായത്.
വിയ്യൂർ വില്ലേജിൽ കൊല്ലത്ത് ലിബ്ര ഹൗസിൽ ശശി എസ് നായരുടെ വീട് ഭാഗികമായി തകർന്നു. കൊഴുക്കല്ലൂർ വില്ലേജിൽ കൊടക്കാട്ട് മീത്തൽ ചന്ദ്രന്റെ വീടിന് പുറകിൽ മണ്ണിടിഞ്ഞു. അപകട സാധ്യത കണക്കിലെടുത്ത് കുടുംബത്തെ മറ്റൊരു വീട്ടിലേക്ക് മാറ്റിപ്പാർപ്പിച്ചു.
ചോറോട് വില്ലേജ് കുരിക്കിലാട് തടത്തിൽ നാണുവിന്റെ വീടിനും ഓട്ടോറിക്ഷക്കും മുകളിൽ തെങ്ങുവീണു ഭാഗിക നാശനഷ്ടങ്ങൾ ഉണ്ടായി. നരിപ്പറ്റ വില്ലേജിലെ വെങ്ങക്കണ്ടി നാരായണിയുടെ വീട് ഭാഗികമായി തകർന്നു .
കുന്നുമ്മൽവില്ലേജിലെ വണ്ണത്താം വീട്ടിൽ ചന്ദ്രനും കുടുംബവും വീടിൻ്റെ വരാന്തവരെ വെള്ളം കയറിയതിനാൽ മാറി താമസിച്ചു. പഴങ്കാവ് നാലാം വാർഡിൽ വെള്ളം കയറിയതിനെ തുടർന്ന് മൂന്ന് വീട്ടുകാർ മാറി താമസിച്ചിട്ടുണ്ട്.