ദേശീയ പാത തകർന്നു. വാഹന ഗതാഗതം ദുസ്സഹം. അറ്റകുറ്റപ്പണികൾ നടക്കുന്നില്ല
കൊയിലാണ്ടി: രണ്ടാഴ്ച തുടർച്ചയായി പെയ്ത മഴയെത്തുടർന്ന് ദേശീയ പാതയിലൂടെയുള്ള ഗതാഗതം ദുസ്സഹമാകുന്നു. തിരുവങ്ങൂർ മുതൽ കൊയിലാണ്ടി വരേയും വടക്കോട്ടും വൻ ഗർത്തങ്ങളാണ് ദേശീയ പാതയിൽ രൂപം കൊണ്ടത്. റോഡ് ഷോൾഡറുകളിലെ മണ്ണിളകിമാറിയതോടെ വാഹന ങ്ങൾ വശങ്ങളിലേക്ക് ഇറക്കാൻ കഴിയാത്ത സ്ഥിതിയുണ്ട്. ദേശീയ പാത നിർമ്മാണ പ്രവൃത്തികൾ നടക്കുന്ന മേഖലകളിൽ നിന്ന് ഒലിച്ചിറങ്ങുന്ന മണ്ണും ചളിയും വെള്ളക്കെട്ടും കൂടിയായതോടെ ഗർത്തങ്ങൾ തിരിച്ചറിയാൻ കഴിയാതെ വാഹനങ്ങൾ കുഴികളിൽ വീണ് നിയന്ത്രണം നഷ്ടമാകുന്നു. അപകടങ്ങൾ നിത്യസംഭവമാകുകയാണ്.
ഇരുചക്ര വാഹനങ്ങളാണ് ഏറ്റവും കൂടുതൽ അപകടങ്ങളിൽ പെടുന്നത്. പ്രധാന പാതകളിൽ നിത്യേന അറ്റകുറ്റപ്പണികൾ നടത്തുമെന്ന പൊതുമരാമത്ത് വകുപ്പുമന്ത്രിയുടെ പ്രഖ്യാപനങ്ങളൊക്കെ വെറുംവാക്കായി തീരുകയാണെന്ന് ജനങ്ങൾ ആരോപിക്കുന്നു. മഴ ആരംഭിച്ച ശേഷമാണ് ഇത്തവണ അറ്റകുറ്റപ്പണികൾ നടത്തിയതെന്നും മഴയേത്തുടർന്ന് അപ്പോൾ തന്നെ ടാറും മെറ്റലുമൊക്കെ ഒഴുകിപ്പോയിരുന്നെന്നും അവർ ചൂണ്ടികാട്ടുന്നു.