KOYILANDILOCAL NEWS

വിദ്യാർത്ഥികളിൽ ലഹരി ഉപയോഗം വർദ്ധിക്കുന്നു; സമൂഹത്തിന്റെ ഒന്നിച്ചുള്ള പ്രതിരോധം അനിവാര്യം

കൊയിലാണ്ടി: ലിംഗ പരിഗണനകളില്ലാതെ മയക്കുമരുന്നുപയോഗം വർദ്ധിക്കുന്നത് ആശങ്കയുളവാക്കുന്നു. തദ്ദേശസ്ഥാപനങ്ങളുടെ മുൻകൈയ്യിൽ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കാൻ താലൂക്ക് വികസന സമിതി തീരുമാനിച്ചിരുന്നു. ഇതിന്റെ ആദ്യഘട്ടമെന്ന നിലയിൽ കൊയിലാണ്ടി നഗരസഭയിൽ ചെയർപേഴ്സൺ കെ പി സുധയുടെ നേതൃത്വത്തിൽ യോഗം ചേർന്നു. നഗരസഭയിലെ കൗൺസിലർമാർ ഉദ്യോഗസ്ഥർ എന്നിവർക്ക് പുറമേ എക്സൈസ്, റവന്യൂ, ആരോഗ്യം, വിവിധ സ്കൂൾ അധികൃതർ, റെസിഡൻഡ് അസോസിയേഷൻ ഭാരവാഹികൾ തുടങ്ങിയവരൊക്കെ യോഗത്തിൽ പങ്കെടുത്തു. മയക്കുമരുന്നിന്റെ വ്യാപനം ഭയാനകമായി വർദ്ധിക്കുന്നതിൽ എല്ലാവരും ആശങ്ക രേഖപ്പെടുത്തി.

ശക്തമായ നടപടികളെത്തുടർന്ന് കൊയിലാണ്ടി പട്ടണത്തിൽ മയക്കുമരുന്ന് വില്പനയും ഉപയോഗവും കുറഞ്ഞിട്ടുണ്ടെന്ന് കൊയിലാണ്ടി സി ഐ സുനിൽകുമാർ പറഞ്ഞു. ഈ വർഷം മാത്രം കഞ്ചാവ് കൈവശം വെച്ചതിന് ഇരുപത്തിയഞ്ചും വില്പന നടത്തിയതിന് നാലും കേസ്സുകൾ പോലീസ് ചാർജ്ജ് ചെയ്തതായി അദ്ദേഹം അറിയിച്ചു. ഒരുകിലോ അമ്പതു ഗ്രാം കഞ്ചാവുമായി വരക്കുന്നുമ്മൽ റാഫി എന്നൊരാളെ കഴിഞ്ഞ ദിവസം പിടികൂടി. എന്നാൽ കൊയിലാണ്ടി പോലൊരു പട്ടണത്തിൽ മറ്റൊരുപാട് ക്രമസമാധാന പ്രശ്നങ്ങൾക്കിടയിൽ പോലീസിന് മാത്രമായി ഇക്കാര്യത്തിൽ ഇടപെടുന്നതിന് പരിമിതികളുണ്ട്. ബോധവൽക്കരണ പ്രവർത്തനങ്ങൾ ശക്തമാക്കണം. വിവിധ ഉദ്യോഗസ്ഥ വിഭാഗങ്ങളും ജനപ്രതിനിധികളും സന്നദ്ധ സംഘടനകളും സ്കൂൾ അധികൃതരുമൊക്കെ ഒരുമിച്ച് ശ്രമിച്ചില്ലെങ്കിൽ ലഹരിയുടെ ട്രാപ്പിൽ നിന്ന് ഇളം തലമുറയെ രക്ഷപ്പെടുത്താനാവില്ലെന്നദ്ദേഹം പറഞ്ഞു.


എല്ലാ സ്കൂൾ പി ടി എകളും ഇക്കാര്യത്തിൽ ഉടൻ യോഗം ചേരാൻ തീരുമാനിച്ചു. വിദ്യാർത്ഥി അധ്യാപക പ്രതിനിധികളും പോലീസും അടങ്ങിയ, സ്കൂൾ എസ് പി ജികൾ, ജാഗ്രതാ സമിതികൾ, പി ടി എ എന്നിവയെല്ലാം ചേർന്ന് ജാഗ്രതയോടെ പ്രവർത്തിക്കാൻ തീരുമാനിച്ചു. എൻ എസ്സ് എസ്സ് യൂനിറ്റിലെ കഴിവുള്ള കുട്ടികളെ തെരഞ്ഞെടുത്ത് അവർക്ക് പ്രത്യേകമായി ക്ലാസ് നൽകി ബോധവൽക്കരണ പ്രവർത്തനങ്ങൾ വ്യാപകമാക്കും. റെയിൽവേസ്റ്റേഷൻ പരിസരങ്ങളിൽ വളർന്നു നിൽക്കുന്ന പൊന്തക്കാടുകളും മറ്റും വൃത്തിയാക്കി കാഴ്ചപ്പുറം വർദ്ധിപ്പിക്കാൻ റെയിൽവേ അധികൃതരോട് ആവശ്യപ്പെടാനും തീരുമാനിച്ചു. യോഗത്തിൽ നഗരസഭാ ചെയർ പേഴ്സണുപുറമെ വൈസ് ചെയർമാൻ കെ സത്യൻ, ഇ കെ അജിത്, പി രത്നവല്ലി എന്നിവരും സംസാരിച്ചു.

 

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button