ന്യൂയോർക്ക്: കേരളത്തിലും ഇന്ത്യയിലും കനത്ത മഴയും വെള്ളപ്പൊക്കവും വാർത്തയിലിടം പിടിക്കുമ്പോൾ, കടുത്ത ചൂടിലും കാട്ടുതീയിലും വെന്തുതീരുകയാണ് യൂറോപ്പും അമേരിക്കയും. ഇത്തവണ ആദ്യം യൂറോപ്പിലാണ് കടുത്ത ചൂടും കാട്ടുതീയും റിപ്പോർട്ട് ചെയ്തത്. യൂറോപ്പിലാകെ ഉഷ്ണ തരംഗം വീശിയടിച്ചു. ഫ്രാൻസ്, പോർച്ചുഗൽ സ്പെയിൻ ഗ്രീസ് തുടങ്ങിയ രാജ്യങ്ങളിലാണ് കാട്ടുതീ പടർന്നത്. നാൽപ്പതിനും അമ്പതിനുമിടയിലാണ് മിക്കവാറും ഈ വൻകരകളിലെ രാജ്യങ്ങളിൽ അനുഭവപ്പെടുന്ന ചൂട്. കാട്ടുതീ എന്ന പ്രതിഭാസം പച്ചപ്പുകളെയാകെ നക്കിത്തുടക്കുന്നു. കാടുകൾ മാത്രമല്ല ജനവാസ കേന്ദ്രങ്ങളും കന്നുകാലി വളർത്തു കേന്ദ്രങ്ങളിലുമൊക്കെ തീ പടരുകയാണ്.
ഏറ്റവുമവസാനം അമേരിക്കയിലെ കാലിഫോർണിയയിലെ യോസേമൈറ്റ് നേഷണൽ പാർക്കിൽ കാട്ടുതീ നിയന്ത്രണവിധേയമാകാതെ പടരുന്നതിന്റെ വാർത്തകൾ ആണ് വന്നു കൊണ്ടിരിക്കുന്നത്. ഇതോടെ മരിപ്പോസ കൗണ്ടിയിൽ ഗവർണർ ഗാവിൻ ന്യൂസം അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.പത്ത് വീടുകൾ പൂർണ്ണമായി കത്തിനശിച്ചതായും ആറായിരത്തിലേറെപ്പേരെ മാറ്റിപ്പാർപ്പിച്ചതായും വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.
ലോകത്തിലെ ഏറ്റവും വലുതും ഉയരം കൂടിയതുമായവയാണ് സെക്വയ മരങ്ങൾ. ഇവയുടെ നിലനിൽപ്പു തന്നെ കാട്ടുതീ വ്യാപനം ഭീഷണിയിലാക്കിയിട്ടുണ്ട്. വെള്ളിയാഴ്ച മുതലാണ് ഓക് മരങ്ങളിൽ തീ പ്രത്യക്ഷപ്പെട്ടത്. അതിവേഗം തീ പടർന്ന് പിടിക്കുകയായിരുന്നു. അറുപത് ഏക്കറിൽ പടർന്ന കാട്ടുതീ ഒരു ദിവസം കൊണ്ട് 6555 ഏക്കറിലേക്ക് വ്യാപിച്ചതായും സ്ഥിതിഗതികൾ സ്ഫോടനാത്മകമാണെന്നും അധികൃതർ പറയുന്നു. നാല് ഹെലിക്കോപ്റ്ററുകളും നാന്നൂറിലധികം ഫയർ ഫോഴ്സുകാരേയും പ്രദേശത്ത് വിന്യസിച്ച് തീയണക്കാനുള്ള ശ്രമം നടന്നുവരികയാണ്. കഴിഞ്ഞ ദിവസം ചരിത്രത്തിലെ ഏറ്റവും വലിയ ചൂടാണ് കാലിഫോർണിയയിൽ അനുഭവപ്പെട്ടത് എന്ന് അധികൃതർ പറയുന്നു. പ്രതീക്ഷിച്ചതിലും വേഗത്തിലാണ് താപനില ഉയരുന്നത്. ഇത് പ്രതിരോധ സംവിധാനങ്ങളെയാകെ താളം തെറ്റിക്കുകയാണ്.
ഇന്ത്യൻ ഉപഭൂഖണ്ഡം മേഘവിസ്ടഫോടനവും കനത്ത മഴയുമൊക്കെ അഭിമുഖീകരിക്കുമ്പോൾ യൂറോപ്പും അമേരിക്കയും കടുത്ത ചൂടിൽ കത്തിയെരിയുന്നത് കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭീകരത വിളിച്ചറിയിക്കുന്നതാണെന്ന് ശാസ്ത്ര ലോകം ചൂണ്ടിക്കാട്ടുന്നു.