പിണറായിയിലെ ആര്‍എസ്എസ് പ്രവര്‍ത്തകന്‍റെ മരണം ഹൃദയാഘാതം മൂലമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്
കണ്ണൂര്‍: പിണറായി പാനുണ്ടയിലെ ആർ എസ് എസ് പ്രവർത്തകൻ ജിംനേഷിന്‍റെ മരണം ഹൃദയാഘാതം മൂലമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. മറ്റ് സംശയങ്ങൾ ഒന്നുമില്ലെന്ന് ഡോക്ടർ മൊഴി നൽകിയതായി സിറ്റി പൊലീസ് കമ്മീഷണർ ആർ ഇളങ്കോ പറഞ്ഞു. ശരീരത്തിൽ മർദ്ദനമേറ്റതിന്റെ ഒരു പരിക്കും കണ്ടെത്തിയില്ലെന്നും കമ്മീഷണർ വ്യക്തമാക്കി.
സിപിഐഎം പ്രവര്‍ത്തകര്‍ മര്‍ദിച്ചതാണ് മരണ കാരണമെന്നായിരുന്നു ആര്‍എസ്എസിന്റെ ആരോപണം. ജിംനേഷിന്റെ പോസ്റ്റുമോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഈ ആരോപണത്തെ തള്ളിക്കളയുകയാണ് പൊലീസ്. ഇന്ദിരാഗാന്ധി ആശുപത്രയില്‍ ഇന്ന് പുലര്‍ച്ചെ മൂന്നരയോടെയാണ് ജിംനേഷ് കുഴഞ്ഞു വീണ് മരിച്ചത്.

പാനുണ്ടയില്‍ ബാലസംഘം വില്ലേജ് സമ്മേളനത്തിന്റെ കൊടിതോരണങ്ങള്‍ നശിപ്പിച്ചതു സംബന്ധിച്ച തര്‍ക്കം ഇന്നലെ സിപിഐഎം ആര്‍എസ്എസ് സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു. ഈ സംഘര്‍ഷത്തില്‍ പരിക്കേറ്റ സഹോദരനൊപ്പം കൂട്ടിരുപ്പുകാരനായാണ് ജിംനേഷ് ഇന്ദിരാഗാന്ധി ആശുപത്രിയിലെത്തിയത്. ഇതിനിടയില്‍ പുലര്‍ച്ചെ രണ്ടുമണിയോടെ കുഴഞ്ഞ വീഴുകയായിരുന്നു. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്‍കുന്നതിനിടയില്‍ മൂന്നരയോടെ മരണം സംഭവിച്ചു. എന്നാൽ സംഭവ സ്ഥലത്ത് ജിമ്നേഷിനും മർദനമേറ്റിരുന്നതായി ബി ജെപി ജില്ലാ പ്രസിഡന്‍റ് എൻ ഹരിദാസ് ആരോപിച്ചിരുന്നു.