ശ്രീറാം വെങ്കിട്ടരാമൻ സഞ്ചരിച്ച കാറിടിച്ച്‌ സിറാജ്‌ ബ്യൂറോചീഫ്‌ മരിച്ചു

തിരുവനന്തപുരം> സർവ്വേ ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമൻ സഞ്ചരിച്ച വാഹനമിടിച്ച് മാധ്യമ പ്രവർത്തകൻ മരിച്ചു. സിറാജ് പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് കെ എം ബഷീറാ(35)ണ് മരിച്ചത്.  വാഹനം അമിത വേഗതയിലായിരുന്നുവെന്ന്‌ പൊലീസ് പറഞ്ഞു.ശനിയാഴ്ച പുലർച്ചെ ഒരു മണിക്ക് തിരുവനന്തപുരം മ്യൂസിയം പോലീസ് സ്റ്റേഷന് സമീപം പബ്ലിക് ഓഫീസിന് മുന്നിൽ വെച്ചാണ് അപകടം. റോഡരികിൽ നിർത്തിയിട്ട ബഷീറിന്റെ ബൈക്കിന് പിറകിൽ സർവേ ഡയറക്ടർ  ശ്രീറാം  വെങ്കിട്ടരാമന്റ കാർ ഇടിക്കുകയായിരുന്നു

അപകടത്തിൽ ശ്രീറാം വെങ്കിട്ടരാമനും പരിക്കേറ്റു. വൈദ്യപരിശോധനയിൽ ശ്രീറാം മദ്യപിച്ചിരുന്നതായി തെളിഞ്ഞിട്ടുണ്ട്‌.  അതേസമയം, താനല്ല സുഹൃത്ത്‌ വഫ ഫിറോസ്‌ ആണ്‌ വാഹനമോടിച്ചതെന്ന് ശ്രീറാം പൊലീസിനോട് പറഞ്ഞു. ഇത് സ്ഥിരീകരിക്കുന്നതിനായി അപകടം നടന്ന സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.എന്നാൽ ശ്രീറാം വെങ്കിട്ടറാമനാണ്‌ കാറോടിച്ചിരുന്നതെന്ന്‌ ദൃക്‌സാക്ഷിയായ ഓട്ടോ ഡ്രൈവർ മൊഴി നൽകിയിട്ടുണ്ട്‌.

 

വിദേശത്ത്‌ നിന്ന്‌ പഠനാവധി കഴിഞ്ഞെത്തിയ ശ്രീറാം വെങ്കിട്ടരാമനെ കഴിഞ്ഞ ദിവസമാണ് സർവേ ആൻഡ് ലാൻഡ് റെക്കോർഡ്സ് ഡയറക്ടറായി നിയമിച്ചത്. കേരള ലാൻഡ് ഇൻഫർമേഷൻ മിഷൻ പ്രോജക്ട് ഡയറക്ടർ, ഹൗസിങ് കമ്മിഷണർ, ഹൗസിങ് ബോർഡ് സെക്രട്ടറി എന്നീ അധിക ചുമതലകളും ശ്രീറാമിന്  നൽകിയിരുന്നു.

കൊല്ലത്ത് സിറാജ് പ്രമോഷൻ കൗൺസിൽ യോഗത്തിൽ പങ്കെടുത്ത ശേഷം തിരുവനന്തപുരം റെയിൽവേ സ്‌റ്റേഷനിൽ ഇറങ്ങി വീട്ടിലേക്ക് മടങ്ങുകയായിരുന്നു ബഷീർ. സൂഫിവര്യൻ ആയിരുന്ന വടകര മുഹമ്മദാജി തങ്ങളുടെയും തിത്താച്ചുമ്മയുടേയും മകനാണ്‌.  ഭാര്യ: ജസീല. മക്കൾ: ജന്ന, അസ്മി. തിരൂർ വാണിയന്നൂർ സ്വദേശിയാണ്.

 

Comments

COMMENTS

error: Content is protected !!