MAIN HEADLINES
ലൈഫ് രണ്ടാംഘട്ടം 2211 വീടുകള്‍ പൂര്‍ത്തിയായി ‘സ്വപ്‌ന’ ഭവനങ്ങളില്‍ ഇവര്‍ സുരക്ഷിതരാണ്
‘കയറിക്കിടക്കാന്‍ ഇങ്ങനൊരു വീടുണ്ടാകുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ലായിരുന്നു. സര്‍ക്കാറിന്റെ സഹായമില്ലായിരുന്നെങ്കില്‍ ഇന്നും ഷെഡില്‍ കഴിയേണ്ടി വന്നേനെ’. രോഗിയായ സഹോദരനോടൊപ്പം കഴിയുന്ന ചേളന്നൂര്‍ കോറോത്ത്‌പൊയില്‍ത്താഴം ശ്രീജയുടെ ഈ വാക്കുകള്‍ ആശ്വാസത്തിന്റെയും സംരക്ഷണത്തിന്റെയും രേഖപ്പെടുത്തലാണ്. ഇത് ശ്രീജയുടെ കുടുംബത്തില്‍ മാത്രം ഒതുങ്ങുന്നതല്ല. പെരുമണ്ണ പഞ്ചായത്തിലെ നെടുമ്പറമ്പ് രാധയും കടലുണ്ടി പഞ്ചായത്തിലെ ചുങ്കത്ത് ഹസന്‍കുട്ടിയും ഓണത്തറ ഗംഗാദേവിയും കറുത്തേടത്ത് ദേവദാസനുമെല്ലാം ഇന്ന് അടച്ചുറപ്പുള്ള വീടുകളുടെ സംരക്ഷണത്തിലാണ് കഴിയുന്നത്. സര്‍ക്കാര്‍ ഒപ്പമുണ്ടെന്ന വാഗ്ദാനം സത്യമാണെന്ന് തെളിയിക്കുന്നതാണ് ഇവരെ പോലെ ലൈഫ് പദ്ധതിയില്‍ വീട് ലഭിച്ച പലരും. ആരെയും പേടിക്കാതെ അന്തിയുറങ്ങാന്‍ ഒരു വീട്. ആ സ്വപ്‌നത്തിലേക്കുള്ള വാതിലാണ് ലൈഫ് മിഷനിലൂടെ സര്‍ക്കാര്‍ തുറന്നിട്ടത്.
ഫ്‌ളക്‌സ് ഷീറ്റ് കൊണ്ട് മേല്‍ക്കൂരയിട്ട്, തകര ഷീറ്റുകള്‍ കൊണ്ട് ചുറ്റും മറച്ച വീടായിരുന്നു ചേളന്നൂരിലെ ശ്രീജയുടേത്. രോഗിയായ അമ്മയും സഹോദരനുമടങ്ങുന്നതാണ് ഇവരുടെ കുടുംബം. അമ്മ നാലു മാസം മുമ്പ് മരിച്ചു. പുതിയ വീടിൻറെ സുരക്ഷിതത്വം യാഥാർത്ഥ്യമായതോടെ ആശ്വാസമാണ് ശ്രീജയ്ക്ക്
രോഗിയായ അനിയത്തിക്കൊപ്പം വര്‍ഷങ്ങളോളം താമസിച്ച കൂരയില്‍ നിന്ന് പുതിയ വീട്ടിലേക്ക് മാറിയതോടെ ജീവിതത്തിന് ഒരു പുതിയ വെളിച്ചവും ലക്ഷ്യവുമാണ് പെരുമണ്ണയിലെ രാധക്ക് കൈവന്നത്. ‘ലൈഫ് മിഷന്‍’ പദ്ധതി വെറുമൊരു വാഗ്ദാനമല്ല; അതൊരു യാഥാര്‍ഥ്യമാണെന്ന് ജീവിതം കൊണ്ട് അറിയുകയാണ് ഇവരെപോലുള്ള ജില്ലയിലെ ആയിരക്കണക്കിന് കുടുംബങ്ങള്‍.
ലൈഫ് മിഷന്റെ ഒന്നാംഘട്ടത്തില്‍ മുന്‍കാലങ്ങളില്‍ സര്‍ക്കാര്‍ സഹായം ലഭിച്ചിട്ടും പല കാരണങ്ങളാല്‍ മുടങ്ങികിടന്ന വീടുകള്‍ പൂര്‍ത്തീകരിക്കുക എന്ന വലിയ ലക്ഷ്യത്തിലേക്കാണ് ചുവട് വെച്ചത്. 2017 നവംബറില്‍ ആരംഭിച്ച ഒന്നാംഘട്ടത്തില്‍ 6651 വീടുകളായിരുന്നു പൂര്ത്തീകരിക്കാനുണ്ടായിരുന് നത്. ഇതില്‍ 6337 വീടുകള്‍ പൂര്‍ത്തീകരിച്ചു. 2018 ഏപ്രിലില്‍ ആരംഭിച്ച, ഭൂമിയുള്ള ഭവനരഹിതര്‍ക്ക് വീട് നിര്‍മ്മാണത്തിന് ധനസഹായം അനുവദിക്കുന്ന രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ അവസാനഘട്ടത്തിലാണ്. ജില്ലയിലെ 70 പഞ്ചായത്തുകളിലായി 4687 കുടുംബങ്ങളാണ് രണ്ടാംഘട്ടത്തില്‍ ലൈഫ് ഗുണഭോക്തൃ പട്ടികയിലുള്ളത്. ഇതില്‍ 4620 കുടുംബങ്ങള്‍ എഗ്രിമെന്റ് വെച്ച് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. 2211 പേര്‍ വീടു പ്രവൃത്തി പൂര്‍ത്തീകരിക്കുകയും ചെയ്തു. 1163 വീടുകളുടെ മേല്‍ക്കൂരയുടെ പ്രവൃത്തി പൂര്‍ത്തീകരിച്ചു. മറ്റുള്ളവ നിര്‍മ്മാണത്തിന്റെ വിവിധഘട്ടങ്ങളിലാണ്. പൊതുവിഭാഗം/പട്ടികജാതി വിഭാഗത്തിന് 4 ലക്ഷം രൂപയും പട്ടിക വര്‍ഗ വിഭാഗത്തിന് 6 ലക്ഷം രൂപയുമാണ് ധനസഹായം അുവദിക്കുന്നത്.
ലൈഫ് മിഷന്‍ രണ്ടാംഘട്ട ഗുണഭോക്താക്കള്‍ക്ക് ഹഡ്‌കോ വായ്പയായി 59.91 കോടിയും സംസ്ഥാന വിഹിതമായി 18.32 കോടിയും ലോക്കല്‍ബോഡി ഫണ്ട് വിഹിതമായി 38.25 കോടിയും ഇതിനകം അനുവദിച്ചിട്ടുണ്ട്. കൂടാതെ ലൈഫ് മിഷന്‍ ഗുണഭോക്താക്കള്‍ക്ക് നിര്‍മ്മാണ സാമഗ്രികളായ സിമന്റ്, പ്ലംബിങ് സാധനങ്ങള്‍, പെയിന്റ്, ഇലക്ട്രിക്കല്‍ സാധനങ്ങള്‍, കുടിവെള്ള ടാങ്കുകള്‍, ടൈല്‍സ് തുടങ്ങിയവ 40 ശതമാനം മുതല്‍ 60 ശതമാനം വരെ വിലകുറവില്‍ ലഭിക്കാനുള്ള സൗകര്യവും ആഗസ്റ്റ് മാസം മുതല്‍ ആരംഭിച്ചിട്ടുണ്ട്. ഇത്തരം ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്ന വിവിധ കമ്പനികളുമായി ചേര്‍ന്നാണ് സര്‍ക്കാര്‍ സൗകര്യം ഒരുക്കിയത്. ലൈഫ് ഗുണഭോക്താവാണെന്ന് കാണിച്ച് അതാത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാര്‍ നല്‍കുന്ന തിരിച്ചറിയല്‍ രേഖയുമായി ചെന്നാല്‍ ആനുകൂല്യം ലഭിക്കും. ഇതിനായി ഫോട്ടോ സഹിതം തങ്ങളുടെ സ്ഥാപനങ്ങളില്‍ ചെന്നാല്‍ മതി. ഏതൊക്കെ സ്ഥാപനങ്ങളില്‍ നിന്നാണ് ആനുകൂല്യം ലഭിക്കുക എന്നതിന്റെ പട്ടിക അതാത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ഉണ്ടാകുമെന്നും ലൈഫ് മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ജോര്‍ജ് ജോസഫ് പറഞ്ഞു.
മിഷന്റെ മൂന്നാംഘട്ടത്തില്‍ ഭൂരഹിത ഭവനരഹിത ഗുണഭോക്താക്കള്‍ക്കായി നിര്‍മ്മിക്കാനുദ്ദേശിക്കുന്ന ഭവന സമുച്ചയ നിര്‍മ്മാണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളും ഊര്‍ജിതമായി നടക്കുന്നുണ്ട്. ഇതിനായി ജില്ലയിലെ മാവൂര്‍ പഞ്ചായത്തിലെ പൊന്‍പാറക്കുന്ന്, നടുവണ്ണൂര്‍ പഞ്ചായത്തിലെ മന്ദങ്കാവ്, പുതുപ്പാടി പഞ്ചായത്തിലെ എലോക്കര, വള്ള്യാട്, തുറയൂര്‍ പഞ്ചായത്തിലെ തോലേരി, ഉള്ള്യേരി പഞ്ചായത്തിലെ ഉള്ള്യേരി, ചാത്തമംഗലം പഞ്ചായത്തിലെ കോട്ടക്കുന്ന് എന്നീ സ്ഥലങ്ങളില്‍ ഭവന സമുച്ചയം നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ അനുമതിയായിട്ടുണ്ട്. ഭവന സമുച്ചയത്തിനായി അപേക്ഷ നല്‍കിയ 17,465 പേരുടെ അര്‍ഹതാ പരിശോധന ഈ മാസം പൂര്‍ത്തിയാക്കുമെന്നും ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പറഞ്ഞു.
Comments